ഓസ്‌ട്രേലിയന്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 70 ആക്കി ഉയര്‍ത്താനായി ഏറെ വര്‍ഷങ്ങളായി ലിബറല്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. 2014ലെ ഫെഡറല്‍ ബജറ്റില്‍ അന്നത്തെ ട്രഷറര്‍ ജോ ഹോക്കി ഈ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.
ഒരോ രണ്ടു വര്‍ഷം കൂടുമ്പോഴും പെന്‍ഷന്‍ പ്രായം ആറു മാസം വീതം കൂട്ടുമെന്നും, 2035ഓടെ പെന്‍ഷന്‍ പ്രായം 70ലേക്ക് എത്തിക്കുമെന്നുമായിരുന്നു ബജറ്റ് പ്രഖ്യാപനം. രാജ്യത്ത് പ്രായമേറിയവരുടെ എണ്ണം കൂടുന്നതിനാലാണ് ഈ തീരുമാനം എന്നായിരുന്നു ജോ ഹോക്കിയുടെ വിശദീകരണം.
ഈ തീരുമാനം സെനറ്റില്‍ പാസാക്കാന്‍ സര്‍ക്കാരിന് ഇതുവരെയും കഴിഞ്ഞിരുന്നില്ല. എന്നാല്‍ നയവുമായി മുന്നോട്ടുപോകാനായിരുന്നു ഇതുവരെയും ലിബറല്‍ പാര്‍ട്ടിയുടെ തീരുമാനം.
അപ്രതീക്ഷിതമായാണ് പാര്‍ട്ടി ആ നയം പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനം അംഗീകരിക്കുന്നതിനും മുമ്പാണ് ചാനല്‍ നയനിലൂടെ അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി. ഏറെ നാളായി ഇക്കാര്യം തന്റെ മനസിലുണ്ടായിരുന്നുവെന്നും സ്‌കോട്ട് മോറിസന്‍ പറഞ്ഞു.
നിലവിലുള്ള പോലെ 67 ആയി തന്നെ പെന്‍ഷന്‍ പ്രായം നിലനില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, സെനറ്റില്‍ ഭൂരിപക്ഷം കിട്ടിയാല്‍ ലിബറല്‍ ഈ പദ്ധതി വീണ്ടും കൊണ്ടുവരുമെന്ന് ലേബര്‍ പാര്‍ട്ടി ആരോപിച്ചു.
സ്ഥാനം നഷ്ടമാകുമെന്ന പേടി കൊണ്ടാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നും, അവസരം കിട്ടിയാല്‍ ലിബറല്‍ പാര്‍ട്ടി ഈ നയം നടപ്പാക്കുമെന്നും ലേബര്‍ നേതാവ് ബില്‍ ഷോര്‍ട്ടന്‍ ആരോപിച്ചു.