പെയ്ഡ് പേരന്റൽ ലീവ്, കെയറർസ് അലവൻസ്, ഫാമിലി ടാക്സ് ബെനിഫിറ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കാൻ നിലവിൽ ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നവർ രണ്ടു വർഷമാണ് കാത്തിരിക്കേണ്ടത്. അടുത്ത വർഷം ജൂലൈ മുതൽ ഇത് മൂന്ന് വർഷത്തിന് ശേഷം മാത്രമേ ലഭ്യമാകുകയുള്ളു എന്ന് ട്രഷറർ സ്‌കോട്ട് മോറിസൺ അറിയിച്ചു.
ഫാമിലി വിസയിൽ രാജ്യത്തേക്ക് എത്തുന്നവർക്കും ആനുകൂല്യങ്ങൾക്കായി മൂന്നു വർഷം കാത്തിരിക്കേണ്ടി വരും.
ഇത് വഴി അടുത്ത നാല് വർഷത്തേക്ക് സർക്കാരിന് ഏകദേശം 1.3 മില്യൺ ഡോളർ മിച്ചം വെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തികളാഴ്ച അർദ്ധ വാർഷിക സാമ്പത്തിക അവലോകനം നടത്തവേയാണ് സ്‌കോട്ട് മോറിസൺ ഈ പുതിയ നടപടികൾ പ്രഖ്യാപിച്ചത്.
ഇതിനു പുറമെ യൂണിവേഴ്സിറ്റികൾക്കുള്ള ഫണ്ടിംഗ് വെട്ടി കുറയ്ക്കാനും സർക്കാർ പുതിയ നടപടികൾ സ്വീകരിക്കുമെന്നും മോറിസൺ അറിയിച്ചു. യൂണിവേഴ്സിറ്റി ഫണ്ടിംഗ് വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ തീരുമാനം സെനറ്റിൽ നേരത്തെ പരാജയപ്പെട്ടിരുന്നു.
ഇതിൽ ഭേദഗതികൾ വരുത്തി വീണ്ടും അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. ഈ രണ്ട് നടപടികളും നടപ്പിലാക്കിയാൽ ഏകദേശം 2.1 ബില്യൺ ഡോളർ മിച്ചം വെക്കാൻ സാധിക്കുമെന്നും സർക്കാർ പ്രതീക്ഷ പ്രകടിപ്പിച്ചു.

