സ്ത്രീകളുടെ സുരക്ഷ മുന്നിൽ കണ്ടുകൊണ്ടാണ് മെൽബണിലുള്ള ജോർജിന മക്കെന്‍ക്രോ സ്ത്രീകൾക്കായി ഷേബാ ടാക്സി സേവനം ആരംഭിക്കാൻ പദ്ധതിയിട്ടത്.
ഇത് ഫെബ്രുവരി മുതൽ മെൽബണിലെ ജീലോങ്, സിഡ്നി, ബ്രിസ്‌ബെൻ, ഗോൾഡ് കോസ്റ്റ് എന്നീ നഗരങ്ങളിൽ നിരത്തിലിറങ്ങും. സ്ത്രീകളും കുട്ടികളും മാത്രമാവും ഇതിലെ യാത്രക്കാർ. ഷേബാ ടാക്സി ഓടിക്കുന്നതും സ്ത്രീകൾ തന്നെയാവും.
നാലു മക്കളുള്ള മക്കെന്‍ക്രോ, രാത്രിസമയങ്ങളില്‍ ഊബര്‍ ടാക്‌സിയില്‍ കയറുവാനുള്ള 19 കാരിയായ മകളുടെ പേടി കണ്ടാണ് ഇത്തരമൊരു ആശയവുമായി മുന്നോട്ടുവന്നത്.
കൊച്ചു കുട്ടികളെയുമായി പൊതു ഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്ന അമ്മമാർക്കും, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും ഈ സേവനം ഒരാശ്വാസമാകുമെന്ന് മക്കെന്‍ക്രോ പറയുന്നു.
സ്വന്തമായി ഒരു കാർ, വർക്കിംഗ് വിത്ത് ചിൽഡ്രൻ ചെക്ക്, പോലീസ് ചെക്ക്, ഒരു വർഷത്തെ റോഡ് വർത്തി സർട്ടിഫിക്കറ്റ്, റൈഡ് ഷെയർ സർട്ടിഫിക്കറ്റ് എന്നിവയുള്ള സ്ത്രീകൾക്ക് ഷേബാ ടാക്സി ഓടിക്കാം.
21 വയസ്സിനു മുകളിലെങ്കിലും പ്രായമുള്ള സ്ത്രീകളാവണം ഇതെന്നും നിർബന്ധമുണ്ട്.
ഇതോടെ രാത്രി സമയങ്ങളിൽ സ്ത്രീകൾക്ക് ഭയപ്പെടാതെ സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മക്കെന്‍ക്രോ.
വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഈ സംരംഭത്തിന് പച്ചക്കൊടി കാട്ടിയിരുന്നു .
Share

