SKIP TO MAIN CONTENT

പാപ്പരായ മലയാളി ബിൽഡറിൽ നിന്ന് പണം ലഭിക്കാനുള്ളവർ വിവരം സമർപ്പിക്കണമെന്ന് ലിക്വിഡേറ്റർ

അഡ്‌ലൈഡിൽ മലയാളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഫെൻബ്രീസ് ഹോംസ് എന്ന കെട്ടിടനിർമ്മാണ കമ്പനി പാപ്പരായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, പണം മുടക്കിയിട്ടുള്ള ഉപഭോക്താക്കൾ മുൻപോട്ടു വരണമെന്ന് ലിക്വിഡേറ്റർ അറിയിച്ചു. കമ്പനിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ലിക്വിഡേറ്റർ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

building company liquidation
Source: AAP

2 min read

Published

Updated

By Salvi Manish


Skip to article content

അഡ്‌ലൈഡിലെ ഫെറിഡൻ പാർക്കിൽ പ്രവർത്തിച്ചുവന്ന ഫെൻബ്രീസ് ഹോംസ് എന്ന നിർമ്മാണ കമ്പനി കഴിഞ്ഞ നവംബർ 15-നു പാപ്പരായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നാണ് കമ്പനിയിൽ നിന്നും പണം ലഭിക്കാനുള്ള ഉപഭോക്താക്കൾ മുൻപോട്ടു വരണമെന്ന് ലിക്വിഡേറ്റർ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ഏപ്രിൽ 26 -നു മുൻപായി ഇവർക്ക് ലഭിക്കാനുള്ള പണത്തിന്റെ വിവരങ്ങൾ സമർപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ വിവരങ്ങൾ നൽകാത്ത ഉപഭോക്താക്കളെ പണം ലഭിക്കുന്നവരുടെ പട്ടികയിൽ നിന്നും ഒഴിവാക്കുമെന്നും നോട്ടീസിൽ പറയുന്നു.

ഉപഭോക്താക്കളിൽ ചിലർ ഇതിനോടകം മുൻപോട്ടു വന്നിട്ടുണ്ടെന്നും എന്നാൽ മുഴുവൻ ആളുകളും അവർക്ക് ലഭിക്കുവാനുള്ള പണത്തിന്റെ വിവരങ്ങൾ സമർപ്പിച്ചിട്ടില്ലെന്നും ലിക്വിഡേറ്റർ തിമോത്തി മേബിൾസൺ എസ് ബി എസ് മലയാളത്തോട് പറഞ്ഞു. അതിനാലാണ് ഈ നോട്ടീസ് പുറപ്പെടുവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപഭോക്താക്കളിൽ നിന്നും ചെയ്യാത്ത സേവനങ്ങളുടെ പേരിൽ പണം കൈപ്പറ്റിയെന്നും, വ്യാജ പബ്ലിക് ഇൻഡെംനിറ്റി സർട്ടിഫിക്കറ്റുകൾ നൽകിയെന്നുമുള്ള ആരോപണത്തെത്തുടർന്ന് കഴിഞ്ഞ നവംബർ  ആദ്യം സൗത്ത് ഓസ്ട്രേലിയൻ കൺസ്യൂമർ ആൻറ് ബിസിനസസ്‌ സർവീസ് ഫെൻബ്രീസ് ഹോംസിന്റെ ലൈസെൻസ് റദ്ദാക്കിയിരുന്നു. ഈ കമ്പനിയെക്കുറിച്ച് കൺസ്യൂമർ വകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

കമ്പനിയുടെ ഡയറക്‌ടർ ബിജു ജോസഫ് കാവിൽപുരയിടത്തിലിന്റെ ലൈസൻസും റദ്ദാക്കിയാതായി കൺസ്യൂമർ ആൻഡ് ബിസിനസ് സർവീസസ് അറിയിച്ച്ചിരുന്നു. ഉപഭോക്താക്കളിൽ നിന്നും നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ലൈസൻസ് റദ്ദാക്കിയതെന്ന് കൺസ്യൂമർ അഫയേഴ്‌സ് കമ്മീഷണർ പറഞ്ഞത്. ഇത് മൂലം ഏതാണ്ട് 50 - ൽ പരം ഉപഭോക്താക്കളുടെ വീട് നിർമാണമാണ് പാതി വഴിയിലായത്.

ഇതിനു ശേഷം നവംബർ 15 -ഓടെ കമ്പനി പാപ്പരാകുകയും ലിക്വിഡേറ്റർ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു. ഈ സമയത്ത് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ 92 സെൻറ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ഫെബ്രുവരിയിൽ ലിക്വിഡേഷൻ കമ്പനിയായ ഫെറിയർ ഹോഗ്‌സൺ   പുറത്തുവിട്ട സ്റ്റാറ്റ്യുട്ടറി റിപ്പോർട്ടിൽ പറയുന്നു.       

ഫെൻബ്രീസി ഹോംസിന്റെ ഉടമയായ ബിജു ജോസഫിനെ എസ് ബി എസ് മലയാളം ബന്ധപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫെൻബ്രീസ് ഹോംസുമായി നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട്  അനുഭവങ്ങൾ പങ്കുവയ്ക്കാൻ താല്പര്യമുള്ളവർ എസ് ബി എസ് മലയാളത്തെ ബന്ധപ്പെടുക.

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now