നിലവിൽ ഓസ്‌ട്രേലിയൻ വിപണിയിൽ ലഭ്യമായതും ടൈപ്പ് 1 , ടൈപ്പ് 2 പ്രമേഹ രോഗികൾ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതുമായ Toujeo (insulin glargine) എന്ന ഇൻസുലിനാണ് ഫാർമസ്യുട്ടിക്കൽ ബെനിഫിറ് സ്‌കീമിൽ (പി ബി എസ്) ഉൾപ്പെടുത്താൻ ഫെഡറൽ സർക്കാർ തീരുമാനിച്ചിരിക്കുന്ന മരുന്നുകളിൽ ഒന്ന്.
നിലവിൽ 700 ഡോളർ വില വരുന്ന ഈ മരുന്നിന് ഏപ്രിൽ ഒന്ന് മുതൽ 39.50 ഡോളർ നൽകിയാൽ മതിയാകും. സർക്കാർ ആനുകൂല്യത്തിന് അർഹരായിട്ടുള്ളവർക്ക് 6.40 ഡോളറിന് മരുന്ന് ലഭ്യമാകും.
ഇതിന് പുറമെ Glyxambi (empagliflozin/linagliptin), Qtern (dapagliflozin/saxagliptin) എന്നീ മരുന്നുകളും പി ബി എസ് -ൽ ഉൾപ്പെടുത്തും. മാത്രമല്ല, ടൈപ്പ് 2 പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന Forxiga, Xigduo XR, Jardiance and Trajenta തുടങ്ങിയ മരുന്നുകൾക്കും ഫണ്ടിംഗ് അനുവദിക്കുമെന്ന് ഫെഡറൽ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു.
പ്രമേഹ രോഗികൾ കൂടുതലായി ഉപയോഗിച്ച് വരുന്ന Toujeo (insulin glargine) ഇനി മുതൽ വർഷം 178,000- ൽ പരം രോഗികളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഇതോടെ പ്രമേഹ രോഗികളിൽ കണ്ടുവരുന്ന ഹൈപോഗ്ലൈസെമിയ പോലുള്ള അവസ്ഥയ്ക്ക് ഒരു പരിധി വരെ ആശ്വാസമാകുമെന്ന് ഹണ്ട് പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രമേഹ രോഗത്തിനായുള്ള മരുന്നുകൾക്ക് പുറമെ കാൻസർ, വാതം, നേത്രരോഗങ്ങൾ എന്നിവയ്ക്കുള്ള ചില മരുന്നുകൾക്കും സർക്കാർ സബ്‌സിഡി ഏർപ്പെടുത്തും.

Source: Department of Health