സാധാരണ ഗോതമ്പില്‍ ഉള്ളതിനെക്കാള്‍ പത്തു മടങ്ങ് അധികം നാരുകള്‍ (ഫൈബര്‍) അടങ്ങിയിട്ടുള്ള ഗോതമ്പിനമാണ് ഡോ. റെജീന അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഫൈബറിന്റെ കൂട്ടത്തില്‍ തന്നെ ഏറ്റവും ആരോഗ്യകരമായ റെസിസ്റ്റന്റ് സ്റ്റാര്‍ച്ചാണ് ഈ ഗോതമ്പില്‍ അടങ്ങിയിരിക്കുന്നത്. ടൈപ്പ് 2 പ്രമേഹം, വന്‍കുടലിലെ ക്യാന്‍സര്‍ തുടങ്ങിയവയെ പ്രതിരോധിക്കാനും, ദഹനസംവിധാനത്തെ ശക്തിപ്പെടുത്താനും സഹായിക്കുന്നതാണ് റെസിസ്റ്റന്റ് സ്റ്റാര്‍ച്ച്.
സാധാരണ ഭക്ഷണവസ്തുക്കള്‍ പ്രധാനമായും ചെറുകുടലില്‍ വച്ചാണ് ദഹനം നടക്കുന്നതെങ്കില്‍, ഈ സ്റ്റാര്ച്ച് വന്‍കുടല്‍ വരെയെത്തുകയും, അവിടെ വച്ച് വിഘടിക്കുകയും ചെയ്യും. ഇതിലൂടെ ഗോതമ്പില്‍ നിന്ന് ഗ്ലൂക്കോസ് രക്തത്തിലേക്കെത്തുന്നതിന്റെ വേഗത കുറയുമെന്ന് ഡോ. റെജീന അഹമ്മദ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഓസ്‌ട്രേലിയയിലെ ദേശീയ ശാസ്ത്ര ഗവേഷണ കേന്ദ്രമായ CSIRO യും ഫ്രഞ്ച് കമ്പനിയായ ലിമാഗ്രൈന്‍ സിറിയല്‍സ് ഇന്‍ഗ്രേഡിയന്റ്‌സും, ഗ്രെയിന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും സംയുക്തമായി രൂപീകരിച്ച ഒരു കമ്പനിയാണ് ഈ ഗോതമ്പ് വികസിപ്പിച്ചിരിക്കുന്നത്.
അരിസ്റ്റ സിറിയല്‍ ടെക്‌നോളജീസ് എന്നു പേരിട്ടിട്ടുള്ള ഈ കമ്പനി അമേരിക്കയിലാണ് ഇത് ആദ്യമായി വിപണിയിലെത്തിക്കുന്നത്. ഓസ്‌ട്രേലിയയിലും അധികം വൈകാതെ ഈ ഗോതമ്പ് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. റെജീന പറഞ്ഞു.
ഇന്ത്യയിലും വിപണനം നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നുണ്ട്.
ഈ ഗോതമ്പ് കൊണ്ടുദ്പാദിപ്പിക്കുന്ന ഭക്ഷണ ഉത്പന്നങ്ങളില്‍ കാര്യമായ രുചി വ്യത്യാസമൊന്നും ഉണ്ടാകില്ലെന്നും ഡോ. റെജീന പറഞ്ഞു.
കഴിഞ്ഞ പതിനേഴ് വര്‍ഷമായി CSIRO യില്‍ ശാസ്ത്രജ്ഞയാണ് ഡോ. റെജീന അഹമ്മദ്. ചങ്ങനാശേരി സ്വദേശിയായ ഡോ. റെജീന, കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് അഗ്രികള്‍ച്ചറല്‍ ബോട്ടണിയില്‍ ബിരുദാനന്തരബിരുദവും, സിഡ്‌നി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മോളിക്യുലാര്‍ ജെനറ്റിക്‌സില്‍ ഗവേഷണ ബിരുദവും നേടിയിട്ടുണ്ട്.

Dr. Regina Ahmed with bread made from newly developed wheat Source: Supplied
ഓസ്‌ട്രേലിയന്‍ അക്കാഡമി ഓഫ് സയന്‍സിന്റെ സ്‌കോളര്‍ഷിപ്പോടെ വിവിധ രാജ്യാന്തര യൂണിവേഴ്‌സിറ്റികളിലും വിസിറ്റിംഗ് സയന്റിസ്റ്റായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഡോ. റെജീന അഹമ്മദുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇവിടെ കേള്‍ക്കാം (In Malayalam)