ഇന്ത്യൻ വംശജരായ കവിത കുമാറും അനിത യാപ്പുമാണ് പെർത്തിൽ കുട്ടികൾക്കായുള്ള സ്പാ ആരംഭിച്ചിരിക്കുന്നത്. ലണ്ടനിലെ ബേബി സ്പായുടെ ഫ്രാഞ്ചയ്‌സിയായാണ് പെർത്തിൽ ഇത്തരത്തിലൊരു സ്പാ ആരംഭിച്ചത് .
ലണ്ടനിൽ നിന്നും ഹെൽത് പ്രൊമോഷൻ ആൻഡ് ചിൽഡ്രൻ ആൻഡ് ഫാമിലി ഡെവലപ്മെന്റിൽ ബിരുദധാരിയാണ് കവിത കുമാർ. വെസ്റ്റേൺ ഓസ്‌ട്രേലിയ ഇൻസ്റ്റിറ്റിറ്റ്യുട്ടിൽ നിന്നും ബ്യൂട്ടി ആൻഡ് മസാജ് തെറാപ്പി പഠനം പൂർത്തിയാക്കിയ ആളാണ് അനിത.
ലണ്ടനിലെ ബേബി സ്പായിൽ ജോലി ചെയ്ത കവിതയുടെ പ്രവൃത്തിപരിചയവും, മസാജിന്റെ ഗുണങ്ങൾ മറ്റുള്ളവരിലേക്കും എത്തിക്കണം എന്ന ഇവരുടെ ഉദ്ദേശവുമാണ് ഇത്തരത്തിലൊരു സംരഭത്തിലേക്ക് ഇവരെ നയിച്ചത് .
ഒരു കുട്ടിക്ക് ഒരു മണിക്കൂർ സമയമാണ് സ്പായിൽ നിശ്ചചയിച്ചിരിക്കുന്നത്. വെള്ളത്തിൽ കിടക്കാനുള്ള കുട്ടികളുടെ ആരോഗ്യവും, താല്പര്യവും അനുസരിച്ചാവും സമയം നിർണയിക്കുക.
സ്പായ്ക്ക് പുറമെ കുട്ടികൾക്കായുള്ള തിരുമ്മലും ഈ സഹോദരിമാർ ഇവിടെ ഒരുക്കിയിട്ടുണ്ട്. ശുദ്ധമായ എണ്ണയും നെയ്യും ഉപയോഗിച്ചുള്ള തിരുമ്മലുകൾ കുട്ടികളിലെ ദഹനപ്രക്രിയ എളുപ്പമാക്കാനും, വയറുവേദനയും, മലബന്ധവും ഇല്ലാതാക്കാനും സഹായകരമാകുമെന്ന് ഇവർ പറയുന്നു.
11 മാസം മുൻപാണ് കവിത-അനിത സഹോദരിമാർ ചേർന്ന് ബേബി സ്പാ എന്ന ആശയത്തിന് രൂപം നൽകിയത്. ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞുവെന്ന് കവിത എസ് ബി എസ് നോട് പറഞ്ഞു.
നിലവിൽ പെർത്തിൽ മാത്രമാണ് ബേബി സ്പാ സേവനം ഉള്ളതെങ്കിലും, ഓസ്‌ട്രേലിയയുടെ മറ്റുഭാഗങ്ങളിൽ ഇതിനു എത്രത്തോളം സാധ്യതകൾ ഉണ്ടെന്ന കാര്യം അന്വേഷിച്ചുവരികയാണ് ഇവർ.