ജമ്മു കാശ്മീരിൽ സി ആർ പി എഫ് ജവാൻമാർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരേ നടന്ന കാർബോംബ് ആക്രമണത്തിലാണ് 40 സൈനികർ കൊല്ലപ്പെട്ടത്. ഒരു മലയാളി സൈനികനും കൊല്ലപ്പെട്ടിരുന്നു.
സർക്കാരും പ്രതിപക്ഷവും ഉൾപ്പെടെ ഓസ്ട്രേലിയൻ രാഷ്ട്രീയത്തിലെ എല്ലാ വിഭാഗങ്ങളും ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് രംഗത്തെത്തി.
ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തോട് അനുശോചനം അറിയിക്കുകയാണെന്നും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ഇന്ത്യൻ ജനങ്ങൾക്കുമൊപ്പം ഓസ്ട്രേലിയയുടെ മനസും ഉണ്ടാകുമെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൻ ട്വീറ്റ് ചെയ്തു.
പ്രതിപക്ഷ നേതാവ് ബിൽ ഷോർട്ടനും ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ഇന്ത്യൻ ജനങ്ങൾക്കുമൊപ്പം ഓസ്ട്രേലിയയും ഉണ്ടാകുമെന്ന് ബിൽ ഷോർട്ടൻ പ്രഖ്യാപിച്ചു.
രാജ്യമെങ്ങും പ്രതിഷേധ കൂട്ടായ്മകൾ
ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ടും, ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടും നൂറുകണക്കിന് പേരാണ് സിഡ്നിയിലും മെൽബണിലും പെർത്തിലും രംഗത്തെത്തിയത്.
മെൽബണിൽ വിക്ടോറിയൻ പാർലമെന്റ് മന്ദിരത്തിനു മുന്നിലായിരുന്നു ഈ ഒത്തുകൂടൽ. മെൽബണിലെ ഇന്ത്യൻ കോൺസുൽ ജനറൽ രാകേഷ് മൽഹോത്ര ഈ പ്രതിഷേധത്തിൽ പങ്കെടുത്തു.
പെർത്തിൽ ഇന്ത്യൻ സൊസൈറ്റി ഓഫ് WA യുടെ ആഭിമുഖ്യത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. കിംഗ്സ് പാർക്കിൽ നടന്ന ഒത്തു ചേരലിലും ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട്ട നിരവധി ഇന്ത്യൻ സംഘടനകളിലുള്ളവർ പങ്കെടുത്തു.
നിരവധി മലയാളികളും ഈ പ്രതിഷേധകൂട്ടായ്മയിൽ പങ്കെടുത്തെന്ന് കൂട്ടായ്മയിൽ പങ്കെടുത്ത കെ പി ഷിബു എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
സിഡ്നിയിൽ ഫെഡറേഷന് ഓഫ് ഇന്ത്യൻ അസോസിയേഷൻസ് ഓഫ് NSW ന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ പരിപാടി.

Source: Supplied

Source: Pic: supplied

Source: Pic supplied by K P Shibu, Perth
എപ്പിംഗിൽ നിന്നുള്ള പാർലമെന്റംഗം ഡാമിയൻ ടൂഡ്ഹോപ് പങ്കെടുത്ത ഈ പരിപാടിയിൽ നിരവധി ഇന്ത്യൻ വംശജരും ഭീകരവാദത്തെ അപലപിച്ച് ഒത്തുചേർന്നു.
ഹിന്ദു കൗൺസിൽ ഓഫ് ഓസ്ട്രേലിയയും ആക്രമണത്തെ അപലപിച്ച് ഒത്തുചേരൽ സംഘടിപ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് പാരമറ്റയിലാണ് ഈ പ്രതിഷേധ പരിപാടി.

Source: Pic courtesy of FB/Yadu Singh
ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്കൊപ്പം ഓസ്ട്രേലിയയിലെ ഹിന്ദു സമൂഹവും അണിനിരക്കുകയാണെന്ന് ഹിന്ദു കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
Share

