ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനുള്ള 'സമാധാന സന്ദേശമായാണ്' അഭിനന്ദന്റെ മോചനത്തെ സംബന്ധിച്ച തീരുമാനം അറിയിച്ചതെന്നാണ് പാകിസ്ഥാൻ വിശദീകരിച്ചത്.
അഭിനന്ദന്റെ അറസ്റ്റിൽ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രാലയം പാകിസ്ഥാനോട് ആശങ്കയറിയിച്ചിരുന്നു.
രാജ്യാന്തര നിയമം പാലിച്ചുകൊണ്ടാണ് വിങ് കമാണ്ടർ അഭിനന്ദനോട് പാകിസ്ഥാൻ പെരുമാറുന്നതെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഓസ്‌ട്രേലിയ ആശങ്കയറിയിച്ച് മണിക്കൂറുകൾക്കകമാണ് അഭിനന്ദന്റെ മോചനത്തെ സംബന്ധിച്ച തീരുമാനം പാകിസ്ഥാൻ പ്രധാനമന്ത്രി അറിയിച്ചത്.
പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയും തീരുമാനത്തെക്കുറിച്ചുള്ള സൂചന നൽകിയിട്ടുണ്ട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷാവസ്ഥ നിലനിൽക്കെ കഴിഞ്ഞ ദിവസം ഇന്ത്യയുടെ നിരവധി വിമാനത്താവളങ്ങൾ അടച്ചിട്ടിരുന്നു. ഇതേതുടർന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവർ മുൻകരുതലുകൾ എടുക്കണമെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രാലയം (DFAT) മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മാത്രമല്ല, ന്യൂ ഡൽഹിയിലെയും ഇസ്‌ലാമബാദിലെയും ഓസ്‌ട്രേലിയൻ ഹൈ കമ്മീഷനുകൾ സാഹചര്യങ്ങൾ സൂക്ഷമായി നിരീക്ഷിക്കുന്നുണ്ടെന്നും DFAT എസ് ബി എസ് ഹിന്ദിയോട് പറഞ്ഞു.
പാകിസ്ഥാനിലെ ബാലാഘോട്ടിൽ ഫെബ്രുവരി 26 നു ഇന്ത്യ നടത്തിയ വ്യോമാക്രണമത്തിനു പിന്നാലെ കൂടുതൽ സംഘർഷം ഒഴിവാക്കി ഇരുരാജ്യങ്ങളും ഏറ്റുമുട്ടലിൽ നിന്നും പിന്മാറണമെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മരിസ്സ പെയ്ൻ അറിയിച്ചിരുന്നു. ആണവായുധങ്ങൾ കൈവശം ഉള്ള ഇരു രാജ്യങ്ങളുടെയും ഏറ്റുമുട്ടലിൽ മന്ത്രി ആശങ്കയും പ്രകടിപ്പിച്ചിരുന്നു.