രാജ്യാന്തര വാണിജ്യ ചട്ടങ്ങള്‍ പാലിക്കാതെ ഇന്ത്യയും പാകിസ്ഥാനും കരിമ്പുകര്‍ഷകര്‍ക്ക് അമിത സബ്‌സിഡി നല്‍കുന്നു എന്ന ആരോപണമാണ് ഓസ്‌ട്രേലിയ ഉന്നയിച്ചിരിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ പഞ്ചസാരയുടെ അമിത ലഭ്യതയ്ക്കും, വിലക്കുറവിനും ഈ സബ്‌സിഡി കാരണമാകുന്നു എന്നാണ് ഓസ്‌ട്രേിയ ചൂണ്ടിക്കാണിക്കുന്നത്.
ഇത് നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യാന്തര ലോക വ്യാപാര സംഘടനയക്ക് പരാതി നല്‍കും എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യക്ക് ഓസ്‌ട്രേലിയ കത്തു നല്‍കിയെന്ന് ദ ഓസ്‌ട്രേലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സ്ഥാനപതി അജയ് ഗോണ്ടാനെയ്ക്കും, ഇന്ത്യന്‍ വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനുമാണ് ഓസ്‌ട്രേലിയന്‍ വാണിജ്യമന്ത്രി സൈമണ്‍ ബര്‍മിംഗ്ഹാം കത്തു നല്‍കിയത്.
രാജ്യാന്തര വാണിജ്യ ചട്ടങ്ങളുടെ ലംഘനമാണ് ഇന്ത്യ നടത്തുന്നത് എന്ന കാര്യം മറ്റു രാജ്യങ്ങളുടെ ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ ഓസ്‌ട്രേലിയ മടിക്കില്ലെന്ന് ബര്‍മിംഗ്ഹാം പറഞ്ഞു.
രാജ്യാന്തര തലത്തിലെ പഞ്ചസാര വിലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ വലിയ ഇടിവുണ്ടായിരുന്നു. രണ്ടുബില്യണ്‍ ഡോളറിന്റെ വിറ്റുവരവുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ പഞ്ചസാര കയറ്റുമതി മേഖല 1.4 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങി. രണ്ടു വര്‍ഷം മുമ്പ് പഞ്ചസാര വില ടണ്ണിന് 595 ഡോളറായിരുന്നത് ഈയാഴ്ച 294 ഡോളറായി കുറയുകയും ചെയ്തിരുന്നു.

Australia say sugar cane farmers are affected by the subsidies in India (AAP) Source: AAP
രാജ്യത്തെ 4100ഓളം കരിമ്പു കര്‍ഷകര്‍ ഇതുമൂലം നഷ്ടത്തിലാണെന്നാണ് ഓസ്‌ട്രേലയിന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ വര്‍ഷം മേയ് മാസത്തില്‍ കരിമ്പു കര്‍ഷകര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ടണ്ണിന് 55 രൂപ സബ്‌സിഡിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രാജ്യാന്തര ചട്ടങ്ങളെക്കാള്‍ വളരെ കൂടുതലാണ് ഇതെന്ന് ഓസ്‌ട്രേലിയ കുറ്റപ്പെടുത്തുന്നു.
ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കരിമ്പുകര്‍ഷകര്‍ക്ക് ഇത്രയും വലിയ സബിസ്ഡി നല്‍കുന്നത് എന്നാണ് ദ ഓസ്‌ട്രേലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.