SKIP TO MAIN CONTENT

പരസ്യം പിൻവലിക്കൽ ഓസ്ട്രേലിയയിലും; Sky Newsന് വിനയായത് തീവ്ര വലതുപക്ഷ പ്രചാരകന്റെ അഭിമുഖം

തീവ്ര വലതുപക്ഷ പ്രാസംഗികന്റെ അഭിമുഖം സംപ്രേഷണം ചെയ്തതിന്റെ പേരിൽ പ്രമുഖ വാർത്താ ചാനലായ സ്കൈ ന്യൂസിൽ നിന്നും അമേരിക്കൻ എക്സ്പ്രസ് കമ്പനി പരസ്യം പിൻവലിച്ചു. കുടിയേറ്റ-മുസ്ലീം വിരുദ്ധ ആശയങ്ങളുടെ പ്രചാരകനായ ബ്ലെയർ കോട്രലിന്റെ അഭിമുഖം നൽകിയതിനെത്തുടർന്ന് സ്കൈ ന്യൂസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

A SkyNews interview with far right nationalist Blair Cottrell has been pulled by the broadcaster.
A SkyNews interview with far right nationalist Blair Cottrell has been pulled by the broadcaster. Source: AAP

1 min read

Published

Updated


Skip to article content

അഡോൾഫ് ഹിറ്റ്ലറുടെ നാസി ആശയങ്ങളോട് പരസ്യമായി അനുഭാവം പ്രകടിപ്പിക്കുകയും, കുടിയേറ്റത്തെ തീവ്രമായി എതിർക്കുകയും ചെയ്യുന്ന യുണൈറ്റഡ് പാട്രിയറ്റ് ഫ്രണ്ട് എന്ന സംഘടനയുടെ നേതാവായ ബ്ലെയർ കോട്രലിന്റെ അഭിമുഖം സ്കൈ ന്യൂസിലെ ആഡം ജൈൽസ് ഷോയിലാണ് സംപ്രേഷണം ചെയ്തത്. 

ഓസ്ട്രേലിയയിലെ എല്ലാ ക്ലാസ് റൂമുകളിലും ഹിറ്റ്ലറുടെ ചിത്രം സ്ഥാപിക്കണം എന്ന പ്രസ്താവനയിലൂടെ നേരത്തേ വിവാദം സൃഷ്ടിച്ചിട്ടുള്ള പ്രാസംഗികനാണ് കോട്രൽ.  വംശീയ വിദ്വേഷം സൃഷ്ടിച്ചതിന്റെ പേരിൽ കോടതി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. 

റുപ്പർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള സ്കൈ ന്യൂസിനെതിരെ ഇതിന്റെ പേരിൽ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. സ്കൈ ന്യൂസിൽ കമന്റേറ്ററായിരുന്ന മുൻ ലേബർ മന്ത്രി ക്രൈഗ് എമേഴ്സ് ചാനലിൽ നിന്ന് രാജിവയ്ക്കുകയും ചെയ്തു. 

പ്രതിഷേധത്തെത്തുടർന്ന്, ഈ അഭിമുഖം തെറ്റായിപ്പോയി എന്ന് തുറന്നു സമ്മതിച്ച സ്കൈ ന്യൂസ് ഇനിയൊരിക്കലും കോട്രലിനെ ചാനലിൽ അനുവദിക്കുകയില്ല എന്നും വ്യക്തമാക്കി.

ചാനൽ വെബ്സൈറ്റിൽ നിന്നും സോഷ്യൽ മീഡിയ പേജുകളിൽ നിന്നും അഭിമുഖം ഒഴിവാക്കിയിട്ടുണ്ട്. 

എന്നാൽ ഇത്തരത്തിലൊരു അഭിമുഖം നൽകിയതിനെ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും, തങ്ങളുടെ ബ്രാന്റ് മൂല്യങ്ങളുമായി അത് ഒത്തുപോകുന്നില്ലെന്നും വ്യക്തമാക്കിയാണ് പ്രമുഖ രാജ്യാന്തര കമ്പനിയായ അമേരിക്കൻ എക്സ്പ്രസ് സ്കൈ ന്യൂസിൽ നിന്ന് പരസ്യം പിൻവലിച്ചത്. 

സ്കൈ ന്യൂസുമായുള്ള എല്ലാ ബന്ധവും തൽക്കാലം നിർത്തിവയ്ക്കുകയാണെന്നും അമേരിക്കൻ എക്സ്പ്രസ് ട്വിറ്ററിൽ വ്യക്തമാക്കി. 

വംശീയ വിദ്വേഷവും സ്ത്രീവിരുദ്ധതയും പ്രചരിപ്പിക്കുന്നവരുടെ അഭിമുഖങ്ങൾ നൽകുന്ന മാധ്യമങ്ങളിൽ നിന്ന് പരസ്യം പിൻവലിക്കാൻ കമ്പനികൾ തയ്യാറാകാണമെന്നാവശ്യപ്പെട്ട് രാജ്യത്ത് ഓൺലൈൻ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now