ഓസ്ട്രേലിയൻ പൗരൻമാർക്കും പെർമനന്റ് റെസിഡന്റ്സിനും വിദേശത്തു നിന്ന് അച്ഛനമ്മമാരെ കൊണ്ടുവരാനായി വ്യത്യസ്ത പേരന്റ് വിസകളാണ് ഓസ്ട്രേലിയയിലുള്ളത്.
6,500 ഡോളറോളം ഫീസ് നിരക്കുള്ള നോൺ കോൺട്രിബ്യൂട്ടറി പേരന്ററ് വിസയും, 47,000 ഡോളർ വരെ ഫീസ് വരുന്ന കോൺട്രിബ്യൂട്ടറി പേരന്റ് വിസയും ഉൾപ്പെടെയാണ് ഇത്.
എന്നാൽ ഈ വിസ അപേക്ഷകൾ പരിഗണിക്കുന്നത് അനന്തമായി നീണ്ടുപോകുകയാണ് എന്ന് ആഭ്യന്തര വകുപ്പിന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നു.
2022 ഏപ്രിൽ 30 വരെയുള്ള കണക്കനുസരിച്ച് 1,23,370 പേരന്റ് വിസ അപേക്ഷകളാണ് നടപടിക്രമങ്ങളൊന്നും തുടങ്ങാതെ ആഭ്യന്തര വകുപ്പിന്റെ കൈവശമുള്ളത്.
പ്രതിസന്ധിയിൽ കുടുംബങ്ങൾ
പഞ്ചാബി വംശജനായ പ്രേംദീപ് സിംഗ് ഡണ്ടിവാൾ 2016ലാണ് കോൺട്രിബ്യൂട്ടറി പേരന്റ് വിസയ്ക്ക് അപേക്ഷ നൽകിയത്.
മാതാപിതാക്കളുടെ പ്രായം 60 കടന്നപ്പോഴായിരുന്നു, അവരെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ പ്രേംദീപും, സഹോദരനും തീരുമാനിച്ചത്.
18 മുതൽ 24 വരെ മാസങ്ങളായിരുന്നു വിസ അപേക്ഷ തീർപ്പാക്കാനായി അന്ന് സർക്കാർ ചൂണ്ടിക്കാട്ടിയ സമയപരിധി.
എന്നാൽ അപേക്ഷ നൽകിയ 67 മാസമായിട്ടും അതിൻമേലുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ട് പോലുമില്ല എന്നാണ് പ്രേംദീപ് സിംഗ് ഡണ്ടിവാളിന് കിട്ടിയിരിക്കുന്ന അറിയിപ്പ്.
ആഭ്യന്തര വകുപ്പിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നത് പുതിയതായി കോൺട്രിബ്യൂട്ടറി പേരന്റ് വിസയ്ക്ക് അപേക്ഷ നൽകിയാൽ അത് പരിഗണിക്കാൻ 65 മാസമെങ്കിലും എടുക്കും എന്നാണ്.

Premdeep Singh Dandiwal (second from left) with his family, including his parents (seated in the front row). Source: Supplied
നോൺ കോൺട്രിബ്യൂട്ടറി പേരന്റ് വിസ അപേക്ഷ പരിഗണിക്കാൻ 30 വർഷമാണ് ആഭ്യന്തര വകുപ്പ് നൽകുന്ന കാലാവധി.
ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തിയവർക്ക് പ്രായമേറിയ മാതാപിതാക്കൾക്കൊപ്പം ജീവിക്കാൻ ഇത്രയും കാലം കാത്തിരിക്കേണ്ടിവരുന്നത് ഹൃദയഭേദകമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മെൽബണിലെ മരിയാന ജിയോർഡാന എന്ന സ്ത്രീ ഓൺലൈൻ ക്യാംപയിന് തുടക്കമിട്ടിരിക്കുന്നത്.
ക്ലിയർ പേരന്റ് വിസ ബാക്ക് ലോഗ് എന്ന പേരിലാണ് ഈ ക്യാംപയിൻ.
അഞ്ചര വർഷം കാലതാമസമുണ്ടാകും എന്ന് സർക്കാർ പറയുന്ന കോൺട്രിബ്യൂട്ടറി പേരന്റ് വിസയ്ക്ക്, യഥാർത്ഥത്തിൽ 16 വർഷം വരെ സമയമെടുക്കാം എന്നാണ് അവർ കുറ്റപ്പെടുത്തുന്നത്.
ഇത്രയും കാലം കഴിയുമ്പോൾ പല മാതാപിതാക്കളും ജീവനോടെയുണ്ടാകില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, കൊവിഡ് പ്രതിസന്ധിയാണ് സ്ഥിതി ഇത്രയും വഷളാകാൻ കാരണമന്ന് ആഭ്യന്തര വകുപ്പ് പ്രതികരിച്ചു.
ബയോമെട്രിക് സാംപിളുകൾ ശേഖരിക്കുന്നതിലും, ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയിലുമെല്ലാം, മെഡിക്കൽ പരിശോധനയിലുമെല്ലാം തടസ്സങ്ങളുണ്ടായത് പല വിസ അപേക്ഷകളെയും ബാധിച്ചു എന്ന് വകുപ്പ് ചൂണ്ടിക്കാട്ടി.
എന്നാൽ, കൊവിഡ് കാലത്തിന് മുമ്പു തന്നെ ഈ കാലതാമസം ഉണ്ട് എന്നാണ് കണക്കുകൾ തെളിയിക്കുന്നത്.

Source: Clearparentvisabacklog
എന്താണ് കാലതാമസത്തിന് കാരണം?
ഓസ്ട്രേലിയൻ കുടിയേറ്റ നയത്തിലെ ഒരു അടിസ്ഥാന ഘടകമാണ് ഈ കാലതാമസത്തിന് പ്രധാന കാരണം എന്നാണ് കുടിയേറ്റകാര്യ വകുപ്പിലെ മുൻ ഡെപ്യൂട്ടി സെക്രട്ടറി അബ്ദുൾ റിസ്വി ചൂണ്ടിക്കാട്ടുന്നത്.
പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ കുടിയേറ്റം വർദ്ധിപ്പിക്കാൻ അന്നത്തെ ജോൺ ഹോവാർഡ് സർക്കാർ തീരുമാനിച്ചത് ഓസ്ട്രേലിയൻ ജനതയുടെ ശരാശരി പ്രായം കൂടി വന്നതുകൊണ്ടാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതൽ ചെറുപ്പക്കാരെ ഓസ്ട്രേലിയയിലേക്ക് എത്തിക്കുക എന്നതായിരുന്നു കുടിയേറ്റ നയത്തിന്റെ ലക്ഷ്യം.
പ്രായമേറിയ മാതാപിതാക്കളെ കൂടുതലായി അനുവദിച്ചാൽ ആ നയത്തിന്റെ അടിസ്ഥാന ലക്ഷ്യം നടപ്പാകില്ല എന്ന് അബ്ദുൾ റിസ്വി പറഞ്ഞു.
1996 മുതൽ തന്നെ പേരന്റ് വിസ അനുവദിക്കുന്നതിൽ പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും, അതിന്റെ തുടർച്ചയാണ് ഇപ്പോഴും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.