ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ കോണ്‍ട്രാക്ട് ചീറ്റിംഗ് അഥവാ കരാര്‍ തട്ടിപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന അസൈന്‍മെന്റ് തട്ടിപ്പുകള#് കൂടി വരുന്ന സാഹചര്യത്തിലാണ് ഫെഡറല്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്.
ഏപ്രില്‍ മാസത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച ബില്ലിന് യൂണിവേഴ്‌സിറ്റികളുടെ കൂട്ടായ്മയായ യൂണിവേഴ്‌സിറ്റീസ് ഓസ്‌ട്രേലിയ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ്.
3500 മുതല്‍ 5000 വരെ ഡോളര്‍ നല്കിയാല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ അസൈന്‍മെന്റ് പൂര്‍ണമായും ചെയ്തുകൊടുക്കുന്ന സംഘങ്ങള്‍ ഓസ്‌ട്രേലിയയില്‍ വ്യാപകമാണെന്ന് എസ് ബി എസിന്റെ ദ ഫീഡ് നടത്തിയ അന്വേഷണത്തില്‍ നേരത്തേ കണ്ടെത്തിയിരുന്നു.
ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥി എന്ന വ്യാജേന പരീക്ഷ എഴുതുന്ന സേവനവും ഈ സംഘങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒരു എസ്സേ പൂര്‍ത്തിയാക്കുന്നതിന് 30 ഡോളര്‍ മുതലുള്ള ഫീസാണ് ചില സംഘങ്ങള്‍ ഈടാക്കുന്നത്. ഇത്തരം വാഗ്ദാനങ്ങളുമായി നിരവധി വെബ്‌സൈറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

Source: The Feed
ഇത്തരം തട്ടിപ്പുകള്‍ സര്‍ക്കാര്‍ ഒരുതരത്തിലും അനുവദിക്കില്ലെന്നും, അത് വ്യക്തമാക്കാനാണ് ഇത്രയും കടുത്ത നിയമം കൊണ്ടുവരുന്നതെന്നും ഫെഡറല്‍ വിദ്യാഭ്യാസ മന്ത്രി ഡാന്‍ ടെഹാന്‍ പറഞ്ഞു.
കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന നടപടിയാണ് ഇത്തരത്തില്‍ മറ്റുള്ളവര്‍ അസൈന്‍മെന്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി അസൈന്‍മെന്റ് ചെയ്തു കൊടുക്കുന്നതായി കണ്ടെത്തിയാല്‍ രണ്ടു വര്‍ഷം വരെ തടവും രണ്ടു ലക്ഷത്തിലേറെ ഡോളര്‍ പിഴയും ഇടാക്കാനായി സര്‍ക്കാര്‍ ബില്‍ തയ്യാറാക്കിയത്.
'രക്ഷിതാക്കളെയും സുഹൃത്തുക്കളെയും ബാധിക്കും'
ഇത്തരം തട്ടിപ്പുകള്‍ ക്രിമിനല്‍ കുറ്റമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ യൂണിവേഴ്‌സിറ്റീസ് ഓസ്‌ട്രേലിയ (UA) വിയോജിപ്പ് അറിയിച്ചു. ഇത് സിവില്‍ കുറ്റമായി കാണണം എന്നാണ് യൂണിവേഴ്‌സിറ്റികളുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്.
ബില്ലിലെ ചില വാചകങ്ങള്‍ അവ്യക്തത നിറഞ്ഞതാണെന്നും, വിദ്യാര്‍ത്ഥികളെ സാധാരണ രീതിയില്‍ സഹായിക്കുന്ന മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും എതിരെ വരെ കേസെടുക്കാന്‍ ഇതിലൂടെ കഴിയുമെന്നും UA ചീഫ് എക്‌സിക്യുട്ടീവ് കാട്രിയോണ ജാക്‌സന്‍ ചൂണ്ടിക്കാട്ടി.
'Providing any part of a piece of work or assignment' എന്ന വാചകങ്ങളാണ് UA പ്രധാനമായും എതിര്‍ത്തിരിക്കുന്നത്.
'അക്ഷരത്തെറ്റ് തിരുത്തുന്ന അച്ഛനും അമ്മയും കേസില്‍പ്പെടാം'
വിദ്യാര്‍ത്ഥി എഴുതുന്ന അസൈന്‍മെന്റില്‍ അക്ഷരത്തെറ്റുണ്ടോ എന്നു പരിശോധിക്കുന്ന അച്ഛനെയോ അമ്മയെയോ ശിക്ഷിക്കാന്‍ കഴിയുന്ന തരത്തിലാകരുത് നിയമമെന്നും കാട്രിയോണ ജാക്‌സന്‍ എ ബി സിയോട് പറഞ്ഞു.
ബില്‍ പാസായാല്‍ ടേര്‍ഷ്യറി എജ്യൂക്കേഷന്‍ ക്വാളിറ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് ഏജന്‍സി (TEQSA)ക്കായിരിക്കും ഇത്തരത്തില്‍ നടപടി എടുക്കാനുള്ള അധികാരം നല#്കുന്നത്.
അതേസമയം, ആരോഗ്യപരമായ കാരണങ്ങളാല്‍ സഹായം വേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല.
കൂടുതല്‍ ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍ കേള്‍ക്കാം: തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ടു മണിക്ക് എസ് ബി എസ് മലയാളം വെബ്‌സൈറ്റിലും SBS Radio App ലും