ഒരാൾ 'അബദ്ധത്തിൽ' മെൽബൺ വിമാനത്താവളത്തിലെ സ്ക്രീനിംഗ് മേഖല കടന്നതിന് പിന്നാലെ യാത്രക്കാരെ തിരിച്ച് വിളിച്ച് രണ്ടാമതും സുരക്ഷാസ്‌ക്രീനിംഗ് നടപ്പിലാക്കിയതായി ക്വാണ്ടസ് വ്യക്തമാക്കി.
സുരക്ഷാസ്‌ക്രീനിംഗ് പൂർത്തിയാക്കിയവർക്ക് മാത്രം അനുവാദമുള്ള വിമാനത്താവളത്തിലെ മേഖലയിലേക്ക് ഒരാൾ 'അബദ്ധത്തിൽ' കടന്നുവെന്നാണ് ക്വാണ്ടസ് വ്യക്തമാക്കിയത്.
സുരക്ഷ കണക്കിലെടുത്ത് വിമാനങ്ങളിൽ കയറിയിരുന്ന യാത്രക്കാരെ തിരിച്ച് വിളിച്ചാണ് രണ്ടാമതും സ്ക്രീനിംഗ് നടപ്പിലാക്കിയത്.
ചൊവ്വാഴ്ച രാവിലെ പെർത്തിൽ നിന്ന് എത്തിയ യാത്രക്കാരൻ സുരക്ഷാഗേറ്റിന്റെ എതിർദിശയിലൂടെ പ്രവേശിച്ചതിന് പിന്നാലെ സുരക്ഷാ അലാറം മുഴങ്ങിയതായി അധികൃതർ പറഞ്ഞു.
സുരക്ഷാ ലംഘനം നടത്തിയ യാത്രക്കാരനെ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് ചോദ്യം ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. കേസെടുത്തിട്ടില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിമാനം പുറപ്പെടാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ യാത്രക്കാരെ തിരിച്ചുവിളിച്ചതായി ചില യാത്രക്കാർ എബിസിയോട് പറഞ്ഞു.
യാത്രാക്കാരെ തിരിച്ച് വിളിക്കേണ്ടി വന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി മനസ്സിലാക്കുന്നുവെന്നും, സുരക്ഷ കണക്കിലെടുത്താണ് നടപടി സ്വീകരിക്കേണ്ടിവന്നതെന്നും ക്വാണ്ടസ് വക്താവ് പറഞ്ഞു.
സാഹചര്യം കണക്കിലെടുത്ത് പല സർവീസുകളും വൈകാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിൽ സ്ക്രീനിംഗ് നടപടികൾ പുനരാരംഭിച്ചതായി മെൽബൺ എയർപോർട്ട് ട്വീറ്റ് ചെയ്തു.