ന്യൂ സൗത്ത് വെയിൽസ് രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾ സംഭവിച്ച ആഴ്ചകളാണിത്.
അപ്രതീക്ഷിതമായാണ് ഗ്ലാഡിസ് ബെറജ്കളിയൻ പ്രീമിയർ സ്ഥാനമൊഴിഞ്ഞത്. ഇതേത്തുടർന്ന് ഡൊമിനിക് പെറോട്ടെ പുതിയ പ്രീമിയറായി സ്ഥാനമേറ്റു.
പിന്നാലെ ഗതാഗത മന്ത്രി ആൻഡ്രൂ കോൺസ്റ്റൻസും, ഡെപ്യൂട്ടി പ്രീമിയർ ആയിരുന്ന ജോൺ ബാരിലാരോയും രാജി സമർപ്പിച്ചു.
ഇതോടെ പാർട്ടിക്കുള്ളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബുധനാഴ്ച പുതിയ ഡെപ്യൂട്ടി പ്രീമിയറെ തെരഞ്ഞെടുത്തു.
റീജിയണൽ ഗതാഗത മന്ത്രിയായിരുന്ന പോൾ ടൂൾ ആണ് പുതിയ ഡെപ്യൂട്ടി പ്രീമിയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ജല മന്ത്രിയായ മെലിൻഡ പാവെയെ പരാജയപ്പെടുത്തിയാണ് പോൾ ടൂൾ ഡെപ്യൂട്ടി പ്രീമിയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
മൂന്ന് വർഷമായി NSW നാഷ്ണൽസിന്റെ ഡെപ്യൂട്ടി ലീഡറായിരുന്ന പോൾ ടൂൾ, കൊവിഡ് പ്രതിരോധ തീരുമാനങ്ങളിൽ പ്രധാന പങ്കു വഹിച്ചിരുന്നു.
2005ൽ ബാതർസ്റ്റ് റീജിയണൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടൂൾ രണ്ട് വർഷത്തിന് ശേഷം മേയറായി സ്ഥാനമേറ്റു.
2011ൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടൂൾ, 20 വര്ഷം പ്രൈമറി സ്കൂൾ അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു.
പോൾ ടൂൾ ഡെപ്യൂട്ടി പ്രീമിയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ, വനിതാ മന്ത്രി ബ്രോണി ടെയ്‌ലറിനെ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിയമിച്ചു.
കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനുള്ള മാർഗരേഖ കേന്ദ്രീകരിച്ചാകും പുതിയ മന്ത്രിസഭയുടെ പ്രവർത്തനങ്ങൾ. മുൻ പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ പുറത്തുവിട്ട മാർഗരേഖയിൽ പ്രീമിയർ ഡൊമിനിക് പെറോട്ടെ നേരിയ മാറ്റങ്ങൾ വരുത്തുമെന്നാണ് റിപ്പോർട്ടുകൾ.
ന്യൂ സൗത്ത് വെയിൽസിൽ 594 കേസുകളും പത്ത് മരണങ്ങളുമാണ് പുതുതായി സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ രണ്ട് ഡോസ് വാക്‌സിനേഷൻ നിരക്ക് ഇന്ന് (ബുധനാഴ്ച) 70 ശതമാനമാകുമെന്നാണ് പ്രതീക്ഷ.