സംസ്ഥാനത്ത് കൂടുതൽ പേർക്ക് കൊവിഡ് വാക്സിൻ നൽകുന്നത് ലക്ഷ്യമിട്ട് മാസ് വാക്സിനേഷൻ ഹബ്ബ് തുടങ്ങി. തിങ്കളാഴ്ചയാണ് ഹബ്ബ് തുടങ്ങിയത്.
സിഡ്നി ഒളിംപിക് പാർക്കിൽ തുടങ്ങിയ ഹബ്ബിൽ 200 ഓളം നഴ്സുമാരും മിഡ്‌വൈഫുമാരും ജോലി ചെയ്യുമെന്നും ഇത് ആഴ്ചയിൽ ആറ് ദിവസം പ്രവർത്തിക്കുമെന്നും സർക്കാർ അറിയിച്ചു.
ആദ്യ രണ്ടാഴ്ച വാക്‌സിനേഷൻ പദ്ധതിയുടെ ഫേസ് 1 എ, 1 ബി എന്നീ ഘട്ടങ്ങളിലുള്ള മുൻനിര ആരോഗ്യ പ്രവർത്തകർക്കും അടിയന്തര സേവന വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്കുമാണ് വാക്‌സിനേഷൻ ലഭിക്കുക. അതിന് ശേഷമാകും മറ്റ് വിഭാഗത്തിലുള്ളവർക്ക് വാക്‌സിൻ ലഭിക്കുന്നത്.
സംസ്ഥാനത്ത് 40 വയസിനും 49 വയസിനുമിടയിൽ പ്രായമായവർക്ക് ഫൈസർ വാക്‌സിനായി രജിസ്റ്റർ ചെയ്യാമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.
താത്പര്യമുള്ളവർക്ക് ഇതിനായി തിങ്കളാഴ്ച (ഇന്ന്) വൈകിട്ട് അഞ്ച് മണി മുതൽ രജിസ്റ്റർ ചെയ്യാമെന്നും പ്രീമിയർ വ്യക്തമാക്കി.
www.nsw.gov.au എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പുതിയ ഹബ്ബിൽ നിന്ന് വാക്‌സിനേഷൻ സ്വീകരിക്കാം
എന്നാൽ ഇവർക്ക് എന്ന് വാക്‌സിനേഷൻ ലഭിക്കാമെന്ന് കാര്യത്തിൽ ക്ര്യത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രജിസ്റ്റർ ചെയ്ത് ആഴ്ചകൾക്കുള്ളിൽ വാക്‌സിൻ ലഭിക്കുമെന്നും പ്രീമിയർ പറഞ്ഞു.
സംസ്ഥാനത്ത് 50 വയസ്സിന് മേൽ പ്രായമുള്ളവർക്ക് മെയ് 12 മുതൽ ആസ്ട്രസെനക്ക വാക്‌സിനായി ബുക്ക് ചെയ്യാം. മെയ് 24 മുതലാണ് ഇവർക്ക് വാക്‌സിനേഷൻ നൽകി തുടങ്ങുന്നത്.
50ന് മേൽ പ്രായമായവർ കൂടുതലും ജി പി ക്ലിനിക്കുകളിൽ വാക്‌സിൻ സ്വീകരിക്കണമെന്നും പ്രീമിയർ പറഞ്ഞു.
രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല
സിഡ്‌നിയിൽ കഴിഞ്ഞയാഴ്ച 50 വയസിന് മേൽ പ്രായമായ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
എന്നാൽ ഇയാൾക്ക് എങ്ങനെ രോഗം ബാധിച്ചു എന്നതിന് ഇനിയും വ്യക്തത വന്നിട്ടില്ല. ഇയാളുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതേതുടർന്ന് സിഡ്‌നിയിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചിരിക്കുകയാണ്. തിങ്കാളാഴ്ച പുലർച്ചെ അവസാനിക്കേണ്ട നിയന്ത്രണം മെയ് 17 വരെ നീട്ടിയിട്ടുണ്ട്.
ന്യൂ സൗത്ത് വെയിൽസിൽ പുതുതായി വൈറസ് ബാധയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.