പെർത്തിലെ വൂരോലൂ പ്രദേശത്താണ് കാട്ടുതീ നിയന്ത്രണാതീതമായി കത്തിപ്പടരുന്നത്.
പെർത്തിന് സമീപത്തുള്ള പെർത്ത് ഹിൽസ് മേഖലയിൽ ചൊവ്വാഴ്ചയോടെ കുറഞ്ഞത് 30 വീടുകൾ കത്തി നശിച്ചിരുന്നു. പെർത്ത് നഗരത്തിൽ നിന്ന് 60 കിലോമീറ്ററോളം അകലെയാണ് പെർത്ത് ഹിൽസ്.
തിങ്കളാഴ്ച തുടങ്ങിയ കാട്ടുതീ മൂലം 71 വീടുകൾ കത്തിനശിച്ചതായാണ് വെസ്റ്റേൺ ഓസ്ട്രേലിയ ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ വിലയിരുത്തൽ.
എന്നാൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ആളിപ്പടരുന്ന കാട്ടുതീ ബാധിച്ച് ഇതുവരെ 9,400 ലേറെ ഹെക്റ്ററുകൾ കത്തിനശിച്ചതായാണ് റിപ്പോർട്ടുകൾ. 200ലേറെ അഗ്നിശമനസേനാംഗങ്ങളാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്.
പ്രദേശത്ത് അടിയന്തരാവസ്ഥ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
സ്ഥിതി കൂടുതൽ വഷളാകാനാണ് സാധ്യതയെന്നാണ് കരുതുന്നത്. പെർത്തിൽ ബുധനാഴ്ച 34 ഡിഗ്രി താപനിലയാണ് പ്രവചിച്ചിരിക്കുന്നത്.
കൂടാതെ മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ച ഉച്ചകഴിഞ് ഷെയ്‌ഡി ഹിൽസ് പ്രദേശത്ത് തീ കൂടുതൽ പടരാനാണ് സാധ്യതയെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ ഫയർ ആൻഡ് എമർജൻസി സർവീസസ് കമ്മീഷണർ ഡാരൻ ക്ലെം അറിയിച്ചു.
അതിനാൽ ഷെയ്‌ഡി ഹിൽസ് എസ്റ്റേറ്റിലും ബുൾസ്ബ്രുക്കിലുമുള്ളവർ കരുതലുകൾ എടുക്കണമെന്നും ക്ലെം പറഞ്ഞു.
സ്വാൻ വ്യൂവിലെ ബ്രൗൺ പാർക്ക് റിക്രിയേഷൻ കോംപ്ലക്‌സ് മിഡ്‌ലാന്റിലെയും ബീച്ച്ബോറോയിലെയും സ്വാൻ ആക്റ്റീവ് എന്നിവിടങ്ങളിൽ ഇവാക്വേഷൻ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

An evacuation centre has been set up at Brown Park, Swan View. Source: Aaron Fernandes / SBS News
The Vines, Bailup, Ellenbrook, Gidgegannup, Millendon, Walynga National Park, Upper Swan, Aveley, Henley Brook, Avon Valley National Park, Red Hill, Belhus, Baskerville, Herne Hill, Bullsbrook, Wooroloo, Brigadoon Mundaring, Chittering, Northam, City of Swan എന്നീ പ്രദേശങ്ങളിലാണ് അടിയന്തരാവസ്ത്ഥ മുന്നറിയിപ്പുള്ളത്.
പെർത്തിൽ അഞ്ച് ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് കാട്ടുതീ ഭീഷണി ആശങ്കപടർത്തിയിരിക്കുന്നത്.