സാമൂഹിക നിയന്ത്രണം ലംഘിച്ചത്തിന്റെ പേരിൽ അറസ്റ്റിലായ ഇയാൾക്ക് പെർത്ത് മജിസ്‌ട്രേറ്റ് കോടതിയാണ് ബുധനാഴ്ച ശിക്ഷ വിധിച്ചത്.
ഓസ്‌ട്രേലിയയിൽ ക്വറന്റൈൻ നിയമം ലംഘിക്കുന്നതിന് ജയിൽ ശിക്ഷ ലഭിക്കുന്ന ആദ്യത്തെയാളാണ് ഇത്.
മാർച്ച് 28ന് വിക്ടോറിയയിൽ നിന്നും പെർത്തിൽ എത്തിയ ജൊനാതൻ ഡേവിഡ് എന്ന 35 കാരൻ സർക്കാർ ഏർപ്പെടുത്തിയ ഒരു ഹോട്ടലിൽ 14 ദിവസം നിർബന്ധിത ക്വാറന്റൈനിലായിരുന്നു.
ഇതിനിടെ ഇയാൾ ഹോട്ടൽ മുറിയുടെ ഫയർ എക്സിറ്റ് വാതിൽ വഴി നിരവധി തവണ പുറത്തേക്ക് കടക്കുകയും പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യുകയും ചെയ്തതായാണ് പോലീസിന്റെ ആരോപണം.
ഹോട്ടൽ അധികൃതരുടെ ശ്രദ്ധയിൽ പെടാതെ ഈ വാതിലിലൂടെ ഇയാൾ നിരവധി തവണ പുറത്തേക്ക് കടക്കുന്നതും തിരികെ ഹോട്ടലിലേക്ക് പ്രവേശിക്കുന്നതും സി സി ടി വി യിൽ പതിഞ്ഞിട്ടുണ്ട്.
പെൺസുഹൃത്തിനെ കാണാനായാണ് ഇയാൾ സ്ഥിരമായി ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
സംഭവം അറിഞ്ഞ പൊലീസ് ഒരാഴ്ച മുൻപ് ഇയാളെ അറസ്റ്റ് ചെയ്യുകയും എമർജൻസി മാനേജ്‌മെന്റ് നിയമം ലംഘിച്ചതിന് ഇയാൾക്ക് മേൽ കുറ്റം ചുമത്തുകയും ചെയ്തിരുന്നു.
ബുധനാഴ്ച പെർത്ത് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജൊനാതൻ രണ്ട് തവണ നിയമം ലംഘിച്ചുവെന്ന് കുറ്റം സമ്മതിച്ചു. ആറ് മാസവും രണ്ടാഴ്ചയും തടവാണ് ഇയാൾക്ക് കോടതി വിധിച്ചത്. എന്നാൽ നിലവിൽ ഒരു മാസം ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചാൽ മതി.
അടുത്ത ഒരു വർഷത്തിൽ എന്തെങ്കിലും കുറ്റം ചെയ്തതായി കണ്ടെത്തിയാൽ ഇയാൾ ബാക്കി ശിക്ഷ കൂടി അനുഭവിക്കണം.
തടവ് ശിക്ഷക്ക് പുറമെ 2,000 ഡോളർ പിഴയും ഇയാൾക്ക് കോടതി വിധിച്ചു.
ജോനതന്റേത് വിഡ്ഢിത്തമായ പ്രവർത്തിയായിരുന്നവെന്നും മറ്റുള്ളവരുടെ ജീവൻ വച്ചാണ് ഇയാൾ പന്താടിയതെന്നും മജിസ്‌ട്രേറ്റ് എലൈൻ കാംപിയോൺ പറഞ്ഞു.
വീണ്ടും നിയമം ലംഘിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ഇയാൾക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു.