വെള്ളിയാഴ്ച ഉച്ചയോടെയാണ് ആഭ്യന്തര മന്ത്രി പീറ്റർ ഡറ്റന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
“രാവിലെ പനിയും തൊണ്ടവേദനയുമായാണ് ഉണർന്നെഴുന്നേറ്റത്” പീറ്റർ ഡറ്റൻ പ്രസ്താവനയിൽ അറിയിച്ചു.
ഉടൻ തന്നെ ക്വീൻസ്ലാന്റ് ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടതായും കൊവിഡ്-19 പരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന് രോഗബാധയുള്ളതായി ഉച്ചയോടെ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
ഇതേത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രോഗബാധ സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന ക്വീൻസ്ലാന്റ് സർക്കാരിന്റെ പ്രോട്ടോകോളിന്റെ ഭാഗമായാണ് ഇതെന്നും പീറ്റർ ഡറ്റൻ അറിയിച്ചു.
അടുത്തിടെ അദ്ദേഹം അമേരിക്കിയലേക്ക് യാത്ര ചെയ്തിരുന്നു. ക്വീൻസ്ലാന്റിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്ന 35ാമത്തെ വ്യക്തിയാണ് പീറ്റർ ഡറ്റൻ.
പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റ് യോഗത്തിൽ ചൊവ്വാഴ്ച പീറ്റർ ഡറ്റൻ പങ്കെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ പ്രധാനമന്ത്രി ഉൾപ്പെടെ മറ്റു മന്ത്രിസഭാംഗങ്ങൾ ഐസൊലേഷനിലേക്ക് പോകില്ല. കഴിഞ്ഞ 24 മണിക്കൂറിൽ ഡറ്റനുമായി നേരിട്ട് ബന്ധപ്പെട്ടവർ മാത്രം ഐസൊലേഷനിലേക്ക് പോയാൽ മതിയെന്ന് വിദഗ്ധ ഉപദേശം ലഭിച്ചതായി പ്രധാനമന്ത്രി സ്കോട്ട് മോറിസൻ അറിയിച്ചു.
നേരത്തേ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണബാധ സ്ഥിരീകരിച്ചിരുന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.