ചൈനയുമായുള്ള ബന്ധങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ഓസ്‌ട്രേലിയ ആഗ്രഹിക്കുന്നതായി പ്രതിരോധ മന്ത്രി പീറ്റർ ഡറ്റൺ പറഞ്ഞു. എന്നാൽ ഓസ്‌ട്രേലിയ 'യുദ്ധം ചെയ്യാൻ സജ്ജമായിരിക്കണമെന്നും' അദ്ദേഹം മുന്നറിയിപ്പ് നൽകി.
സോളമൻ ദ്വീപുകളും ചൈനയും തമ്മിൽ സുരക്ഷാ കരാറിലേർപ്പെട്ടിരിക്കുന്നത് ഓസ്‌ട്രേലിയ ഉൾപ്പെട്ട പസിഫിക് മേഖലയിൽ ആശങ്കക്ക് വകയൊരുക്കുന്നതായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആൻസാക് ദിന പ്രസംഗത്തിൽ പറഞ്ഞതിന് പിന്നാലെയാണ് പീറ്റർ ഡറ്റൻ ഈ മുന്നറിയിപ്പ് നൽകിയത്.
പസിഫിക് ദ്വീപിൽ ചൈന സൈനിക താവളം നിർമ്മിച്ചാൽ അതിനെ വളരെ ഗൗരവമേറിയ നീക്കമായി ഓസ്‌ട്രേലിയയും അമേരിക്കയും കണക്കിലെടുക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. സൈനിക താവളം നിർമ്മിക്കാൻ ഉദ്ദേശമില്ലെന്ന കാര്യം സോളമൻ ദ്വീപകളുടെ പ്രധാനമന്ത്രി മനസ്സേ സോഗവരെ വ്യക്തമാക്കിട്ടുണ്ട്.
''യുദ്ധത്തിന് തയാറാകുന്നത് വഴി ശക്തമായ രാജ്യമാകാൻ കഴിയുമെന്നും മേഖലയിൽ സമാധാനം ഉറപ്പാക്കാൻ കഴിയുമെന്നും'' പീറ്റർ ഡറ്റൺ ചാനൽ നയനോട് പറഞ്ഞു.
പസിഫിക് ദ്വീപുകളിലെ സംഭവവികാസങ്ങൾ അതിര് കടക്കുകയില്ലയെന്ന് എങ്ങനെ ഓസ്‌ട്രേലിയ ഉറപ്പ് വരുത്തുമെന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് പ്രതിരോധ മന്ത്രി ഇക്കാര്യം പറഞ്ഞത്.
'യുദ്ധത്തിന് സജ്ജമാകുക' എന്നത് പ്രകോപനപരമായ ഭാഷയല്ലേ എന്ന ചോദ്യത്തിനും പീറ്റർ ഡറ്റൻ മറുപടി നൽകി.
1930 കൾക്ക് സമാനമായ സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും, നേരത്തെയുള്ള മുന്നറിയിപ്പുകൾ അന്ന് ഗുണം ചെയ്തേനെ എന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
നമ്മൾ ജീവിക്കുന്ന കാലത്തിന്റെ യാഥാർത്ഥ്യമാണിതെന്നും, ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്നും ഡറ്റൻ പറഞ്ഞു.

People attending a service in the Sanctuary at the Shrine of Remembrance, placing poppies during Anzac Day in Melbourne, Monday, 25 April, 2022. Source: AAP / Con Chronis
ആൻസാക്കുകളുടെ ത്യാഗം നിസ്സാരമായി കാണരുതെന്നും ഡറ്റൻ കൂട്ടിച്ചേർത്തു.
ഹിറ്റ്ലർ പോലുള്ളവർ ചരിത്രത്തിൽ മാത്രം ഒതുങ്ങന്നവരല്ല എന്നും അവർ സാങ്കല്പിക കഥാപാത്രങ്ങൾ അല്ലായെന്നും അദ്ദേഹം പറഞ്ഞു.
''റഷ്യൻ പ്രസിഡണ്ട് യുക്രയിനിൽ സ്ത്രീകളെയും കുട്ടികളെയും കൊല്ലുവാൻ തയ്യാറാകുന്നു. 2022 ലാണ് ഇത് നടക്കുന്നത്.'' അദ്ദേഹം പറഞ്ഞു.
ചൈന ഇപ്പോൾ വളരെയധികം കണക്ക്കൂട്ടലുകളോടെയുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും ഓസ്‌ട്രേലിയ ഏതൊരു ഭീഷണിയും നേരിടാൻ സജ്‌ജമാകണമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുമായുള്ള ബന്ധം സാധാരണ രീതിയിലായി മാറണം. എന്നാൽ ഭീഷണിക്ക് വഴങ്ങാൻ ഓസ്‌ട്രേലിയ ഒരുക്കമല്ലെന്നും ഡറ്റൻ വ്യക്തമാക്കി.
യുദ്ധത്തിന് ഓസ്‌ട്രേലിയ സജ്‌ജമാകണമെന്ന കാര്യത്തോട് യോജിക്കുന്നതായി ലേബറിന്റെ ഡെപ്യുട്ടി നേതാവ് റിച്ചാർഡ് മാള്സ് പറഞ്ഞു. എന്നാൽ പസിഫിക് രാജ്യങ്ങളുമായുള്ള ബന്ധങ്ങളിൽ സർക്കാർ പരാജയപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി.