ഓസ്‌ട്രേലിയയിൽ കൊവിഡ് ബാധ ആദ്യം പൊട്ടിപ്പുറപ്പെട്ട 2020 മാർച്ചിലാണ് രാജ്യാന്തര അതിർത്തി അടച്ചത്.
അതിർത്തി അടച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും ഓസ്‌ട്രേലിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡന്റ്സിനും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് രാജ്യത്തേക്കെത്താൻ അനുവാദമുള്ളത്.
ഇതിൽ മാതാപിതാക്കളെ ഇമ്മീഡിയറ്റ് ഫാമിലി മെംബേർസ് അഥവാ അടുത്ത ബന്ധുക്കളായി പരിഗണിച്ചിട്ടില്ല.
അതിനാൽ കുടിയേറ്റ സമൂഹത്തിലുള്ളവരുടെ മാതാപിതാക്കളെ അടുത്ത ബന്ധുക്കളുടെ ഗണത്തിൽ ഉൾപ്പെടുത്താത്ത ഓസ്‌ട്രേലിയൻ നിയമത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഒന്നരവർഷം പിന്നിട്ടിട്ടും നിയമത്തിൽ മാറ്റം വരാത്തതിനെത്തുടർന്ന് പതിനായിരക്കണക്കിന് പേർ ഒപ്പിട്ട നിവേദനം ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും.
നാലാഴ്ച കൊണ്ട് 70,000 പേർ ഒപ്പിട്ട നിവേദനമാണ് സ്വതന്ത്ര എം പി സാലി സ്റെഗ്ഗളും ഗ്രീൻസ് സെനറ്റർ നിക്ക് മക് കിമ്മും ചേർന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്നത്.
ഓസ്‌ട്രേലിയൻ അതിർത്തി അടച്ചത് മുതൽ ഒരു ലക്ഷത്തിലേറെ പേരാണ് വിദേശത്തുള്ള മാതാപിതാക്കളെ ഓസ്‌ട്രേലിയയിലേക്കെത്തിക്കാൻ ഇളവ് നല്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്.
കൂടാതെ, വിദേശത്ത് തനിച്ച് കഴിയുന്ന മാതാപിതാക്കളെ സന്ദർശിക്കാൻ ഇളവുകൾ ആവശ്യപ്പെട്ടും നിരവധി അപേക്ഷകൾ നൽകിയിരുന്നു. എന്നാൽ ഇതിൽ ഭൂരിഭാഗം അപേക്ഷകളും സർക്കാർ നിരസിക്കുകയാണ് ചെയ്തത്.
ഓസ്‌ട്രേലിയയ്ക്ക് പുറത്ത് നിന്ന് ഒരു ലക്ഷത്തോളം പേരന്റ് വിസ അപേക്ഷകളാണ് ലഭിച്ചിരിക്കുന്നതെന്നും, നിലവിൽ ഇത്രയധികം പേരെ താമസിപ്പിക്കാൻ രാജ്യത്തെ ക്വാറന്റൈൻ പരിധി അനുവദിക്കില്ലെന്നും ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് വക്താവ് എസ് ബി എസ് ന്യൂസിനോട് പറഞ്ഞു.
നിലവിൽ ആഴ്ചയിൽ 6,000 പേരെ മാത്രമാണ് രാജ്യത്തേക്ക് തിരിച്ചെത്തിക്കാൻ ദേശീയ ക്യാബിനറ്റ് തീരുമാനിച്ചിട്ടുള്ളത്.
മാതാപിതാക്കളെ കൊണ്ടുവരാൻ കഴിയാത്തതിലുള്ള കുടിയേറ്റ സമൂഹത്തിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുണ്ടെന്നും, എന്നാൽ നിലവിൽ ഇവരെ അടുത്ത ബന്ധുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ പദ്ധതികളില്ലെന്നും എ ബി എഫ് അറിയിച്ചു.
അമ്മമാരുടെ സഹായമില്ലാതെ പ്രസവാനന്തര ശുശ്രൂഷകളും, ശരിയായ വിശ്രമവുമൊന്നും ലഭിക്കാൻ കഴിയാത്തതിന്റെ മാനസിക ബുദ്ധിമുട്ടികളും നേരിടുന്ന പല മലയാളി കുടുംബങ്ങളും ഓസ്‌ട്രേലിയയിലുണ്ട്. ഇവർ ഈ പ്രതിസന്ധി ഘട്ടം എങ്ങനെ തരണം ചെയ്തു എന്നതിന്റെ അനുഭവങ്ങൾ എസ് ബി എസ് മലയാളത്തോട് പങ്കുവച്ചിരുന്നു.
അതേസമയം, അതിർത്തി നിയന്ത്രണം മൂലം ജനങ്ങൾ നേരിടുന്ന വേദന ഫെഡറൽ സർക്കാർ മനസ്സിലാക്കണമെന്ന് സെനറ്റർ നിക്ക് മക് കിം കുറ്റപ്പെടുത്തി.
മാതാപിതാക്കളെ ഇമ്മീഡിയേറ്റ് ഫാമിലി മെംബേർസ് ആയി കണക്കാക്കണമെന്നാവശ്യപ്പെട്ട് 11,000 ലേറെ പേർ ഒപ്പ് വച്ച മറ്റൊരു നിവേദനം സീലിയ ഹാമൻഡ് എം പി കഴിഞ്ഞ വർഷം പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു.
കൂടാതെ, മാതാപിതാക്കളെ അടുത്ത ബന്ധുക്കളായി കണക്കാക്കണമെന്നാവശ്യപ്പെട്ട് പേരന്റ്സ് ആർ ഇമേഡിയറ്റ് ഫാമിലി മെംബേർസ് എന്ന ബാനറുകൾ ഉയർത്തിപ്പിടിച്ച് ജനങ്ങൾ പ്രചാരണവും നടത്തിയിരുന്നു.
Readers seeking support with mental health can contact Beyond Blue on 1300 22 4636. More information is available at Beyondblue.org.au. Embrace Multicultural Mental Health supports people from culturally and linguistically diverse backgrounds.