ഓസ്‌ട്രേലിയയിലെ ഇന്ധന വിലയിൽ കഴിഞ്ഞ ആറു പാദങ്ങളിൽ തുടർച്ചയായ വർദ്ധനവ് രേഖപ്പെടുത്തിയതായി ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് ചെയ്തു.
1990 ന് ശേഷമുള്ള ഏറ്റവും കൂടിയ വാർഷിക വിലക്കയറ്റമാണ് രേഖപ്പെടുത്തിയത് എന്ന് എ ബി സ് ചൂണ്ടിക്കാട്ടി. ഡിസംബർ പാദത്തിലാണ് ഏറ്റവും കൂടുതൽ വർദ്ധനവ്.
സിഡ്‌നിയിൽ ചില പെട്രോൾ സ്റ്റേഷനുകളിൽ അൺലെഡഡ് 91 ലിറ്ററിന് 1.99 ഡോളർ വരെയായി ഉയർന്നിട്ടുണ്ട്.
അതെസമയം ചില സ്റ്റേഷനുകളിൽ അൺലെഡഡ് പ്രീമിയം 98 ലിറ്ററിന് 2.22 ഡോളറായും ഉയർന്നിട്ടുണ്ട്.
ഏപ്രിൽ 2020 ൽ ഓസ്‌ടേലിയയിലെ പെട്രോൾ വിലയിൽ റെക്കോർഡ് വിലക്കുറവ് റിപ്പോർട്ട് ചെയ്തിരുന്നു. ലിറ്ററിന് ശരാശരി 102.6 സെന്റായിരുന്നു പ്രധാന നഗരങ്ങളിലെ കണക്കെന്ന് ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യുമർ കമ്മീഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Data from fuelcheck.nsw.gov.au/app/FuelPrice Source: fuelcheck.nsw.gov.au/app/FuelPrice

Data from fuelcheck.nsw.gov.au/app/FuelPrice Source: fuelcheck.nsw.gov.au/app/FuelPrice
ഇപ്പോഴുള്ള വിലക്കയറ്റത്തിന് നിരവധി കാരണങ്ങളുള്ളതായി എ ബി എസ് ചൂണ്ടിക്കാട്ടുന്നു.
ആഗോള വിപണിയിൽ ഇന്ധന വില ഉയർന്നതാണ് പ്രധാന കാരണമായി വിലയിരുത്തുന്നത്. റഷ്യ ഉക്രൈനിന് സമീപത്ത് നടത്തുന്ന സൈനിക നീക്കങ്ങൾ ആഗോള ഇന്ധന വിലയെ ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില കഴിഞ്ഞ ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.
വിവിധ രാജ്യങ്ങൾ സാമ്പത്തിക തിരിച്ചുവരവ് നടത്തുന്ന ഘട്ടത്തിലൂടെ കടന്നുപോകുന്നു എന്നതും ആഗോള തലത്തിൽ ഇന്ധന ലഭ്യതയിലുള്ള കുറവും വിലകയറ്റത്തിനുള്ള മറ്റ് കാരണങ്ങളായി എ ബി എസ് ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയൻ ഡോളറിന്റെ മൂല്യം ഇടിഞ്ഞിരിക്കുന്നതും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്.
വിലക്കയറ്റം ബാധിക്കുന്നത് വിവിധ രംഗങ്ങളെ
ഇന്ധന വില വർദ്ധനവ് ഒട്ടേറെ രംഗങ്ങളിൽ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. ഗ്രോസറി ഉൾപ്പെടെയുള്ളവ വാങ്ങുന്നതിനുള്ള ചെലവു കൂടിയതായി ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളിൽ നിന്ന് വ്യക്തമാണ്.
ഗ്രോസറി ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിന് പല കാരണങ്ങളിൽ ഒന്നാണ് പെട്രോൾ വില വർദ്ധനവ്.
ജീവിത ചെലവ് കൂടിയിരിക്കുന്നത് പ്രതികൂലമായി ബാധിക്കുന്നുവെന്ന് മെൽബണിലുള്ള സോജി മാത്യു പറയുന്നു.
''രണ്ട് വര്ഷം മുൻപ് ആഴ്ചയിൽ 200 ഡോളർ വരെ ചെലവാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഗ്രോസറിക്കായി 300 ഡോളറോളം ചെലവ് വരുന്നു.''
ഇന്ധന വില ഉയർന്നത് പ്രതികൂലമായി ബാധിക്കുന്നതായി ഹൊബാർട്ടിൽ ഊബർ ഡ്രൈവറായ സനൽ നായരും ചൂണ്ടിക്കാട്ടി.
ആഴ്ച്ചയിൽ ഇന്ധനത്തിനായി ചെലവിടുന്ന തുക പത്ത് ശതമാനത്തോളം കൂടിയെങ്കിലും ആനുപാതികമായി കൂടുതൽ തുക യാത്രക്കാരിൽ നിന്ന് ഈടാക്കാൻ കഴിയുന്നില്ല.
പെട്രോൾ വില കൂടിയതിന് പിന്നാലെ വരുമാനത്തിൽ കുറവുണ്ടായാതായി സനൽ നായർ വ്യക്തമാക്കി.