Highlights
- പരീക്ഷണത്തിൽ പങ്കെടുക്കുന്ന 44,000 പേരിൽ ഇതുവരെ രോഗബാധ 94 പേർക്ക്
- പരീക്ഷണം വിജയിച്ചാൽ ഈ വർഷം അവസാനത്തോടെ വാക്സിൻ ലഭ്യമാകും
- എത്ര കാലം പ്രതിരോധ ശേഷി ലഭിക്കുമെന്ന് വ്യക്തമല്ല
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണവൈറസ്ബാധ വീണ്ടും കുതിച്ചുയരുന്നതിനിടെയാണ് പ്രതീക്ഷ നൽകിക്കൊണ്ട് വാക്സിൻ പരീക്ഷണത്തിന്റെ വാർത്ത പുറത്തുവരുന്നത്.
അമേരിക്ക ആസ്ഥാനമായ ഫൈസർ കമ്പനിയും, ജർമ്മനിയിലെ ബയോൺടെക് എസ് ഇയും സംയുക്തമായി വികസിപ്പിക്കുന്ന വാക്സിൻ കൊവിഡ് ബാധ തടയുന്നതിൽ 90 ശതമാനത്തിലേറെ വിജയം കൈവരിച്ചു എന്നാണ് റിപ്പോർട്ട്.
ഫൈസർ കമ്പനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ആറു രാജ്യങ്ങളിലായി 44,000ഓളം പേരാണ് ഈ പരീക്ഷണത്തിന്റെ ഭാഗമായുള്ളത്.
ഇക്കൂട്ടത്തിൽ, രണ്ടു ഡോസ് വാക്സിനും ലഭിച്ചു കഴിഞ്ഞതിൽ 94 പേർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത് എന്നാണ് കമ്പനി വ്യക്തമാക്കിയത്.
ഇതിൽ എല്ലാവർക്കും വാക്സിൻ ആയിരുന്നില്ല നൽകിയത്. ചിലർക്ക് വാക്സിന്റെ അതേ രൂപത്തിലുള്ള മറ്റു വസ്തുക്കളാണ് (placebo) നൽകിയത്.
കൊവിഡ് ബാധിച്ച 94 പേരിൽ എത്ര പേർക്ക് വാക്സിൻ ലഭിച്ചിരുന്നു എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, 90 ശതമാനം വിജയനിരക്ക് എന്ന കമ്പനിയുടെ അവകാശവാദം കണക്കിലെടുക്കുമ്പോൾ, വാക്സിൻ ലഭിച്ചതിൽ എട്ടു പേർക്ക് മാത്രമേ രോഗം ബാധിച്ചിട്ടുണ്ടാകൂ എന്നാണ് റിപ്പോർട്ടുകൾ.
വാക്സിൻ 50 ശതമാനം ഫലപ്രദമായാൽ അത് അംഗീകരിക്കുമെന്നാണ് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്.
ഈ വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായ ആർക്കും ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.

പരീക്ഷണത്തിന്റെ ഭാഗമായുള്ള കൂടുതൽ പേർക്ക് വൈറസ്ബാധയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും, അപ്പോൾ വാക്സിന്റെ വിജയനിരക്കിനെക്കുറിച്ച് കൂടുതൽ വ്യക്തതയുണ്ടാകുമെന്നും കമ്പനി അധികൃതർ പറഞ്ഞു.
വിജയിച്ചാൽ ഓസ്ട്രേലിയയിലും ലഭിക്കും
അമേരിക്കയിൽ വാക്സിന് അനുമതി തേടി അപേക്ഷ നൽകാനുള്ള നടപടിക്രമങ്ങളിലാണ് ഫൈസർ കമ്പനി.
പരീക്ഷണം പൂർണ വിജയമായാലും ഈ വർഷം അവസാനത്തോടെ മാത്രമേ ആദ്യ വാക്സിൻ ലഭ്യമാകുകയുള്ളൂ.
ഓസ്ട്രേലിയയിൽ ലഭ്യമാക്കാനായി ഫെഡറൽ സർക്കാർ കരാർ ഒപ്പുവച്ചിട്ടുള്ള നാലു വാക്സിനുകളിലൊന്നാണ് ഇത്.
കഴിഞ്ഞയാഴ്ചയാണ് ഫൈസർ വാക്സിനു വേണ്ടി സർക്കാർ കരാർ ഒപ്പുവച്ചത്. വാക്സിൻ വിജയകരമാകുകയാണെങ്കിൽ ഒരു കോടി ഡോസുകളാകും ഓസ്ട്രേലിയയ്ക്ക് ലഭ്യമാകുക.
ഒരാൾക്ക് രണ്ടു ഡോസ് വാക്സിനാകും നൽകേണ്ടിവരുന്നത്.
ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണ് ഇതെന്നും, എന്നാൽ ഓസ്ട്രേലിയക്കാർക്ക് പൂർണ സുരക്ഷിതമാണെന്ന് വ്യക്തയമായ ശേഷം മാത്രമേ അത് അംഗീകരിക്കൂ എന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.
ചോദ്യങ്ങൾ ഇനിയും ബാക്കി
വാക്സിൻ 90 ശതമാനം വിജയമാണെന്ന് കമ്പനി അവകാശപ്പെട്ടെങ്കിലും, ഇനിയും ഏറെ ദൂരം പോകാനുണ്ട് എന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.
ഏതൊക്കെ പ്രായവിഭാഗത്തിലുള്ളവർക്കാണ് ഈ വാക്സിൻ ഫലപ്രദമായത് എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.
പ്രായമേറിയവർക്കും, മറ്റു രോഗങ്ങളുള്ളവർക്കും വാക്സിൻ ഫലപ്രദമാകുമോ എന്ന് അറിയേണ്ടതുണ്ട്.
വാക്സിൻ ലഭിച്ചുകഴിഞ്ഞാലും എത്ര കാലം ഈ പ്രതിരോധ ശേഷി നിലനിൽക്കും എന്ന കാര്യവും പിന്നീട് മാത്രമേ വ്യക്തമാകൂ.
അതായത്, ഒരിക്കൽ വാക്സിനെടുത്താൽ ജീവിതകാലം മുഴുവൻ പ്രതിരോധശേഷിയുണ്ടാകുമോ, അതോ ഫ്ളൂ വാക്സിൻ പോലെ എല്ലാ വർഷവും എടുക്കേണ്ടി വരുമോ എന്ന കാര്യം.
അതേസമയം, ഓക്സ്ഫോർഡ് സർവകലാശാലയുടേത് ഉൾപ്പെടെയുള്ള മറ്റ് വാക്സിൻ പരീക്ഷണങ്ങൾക്കും കൂടുതൽ ഊർജ്ജം പകരുന്നതാകും ഫൈസർ വാക്സിന്റെ മുന്നേറ്റം.

