അൻറാർട്ടിക്ക സന്ദർശിക്കുന്നതിന് അനുയോജ്യമായ സമയം നവംബർ മുതൽ മാർച്ച് മാസം വരെയാണ്.
വേനൽക്കാലത്ത് മാത്രമാണ് വിനോദ സഞ്ചാരികൾക്ക് അൻറാർട്ടിക്കയിലേക്ക് പ്രവേശനം അനുവദിക്കുക.
അൻറാർട്ടിക്കയിലെത്താൻ പ്രധാനമായും നാല് മാർഗ്ഗങ്ങളാണുള്ളത്. ടാസ്മേനിയയുടെ തലസ്ഥാനമായ ഹൊബാർട്ടിൽ നിന്നും കപ്പലിൽ ഏഴ് ദിവസം സഞ്ചരിച്ച് അൻറാർട്ടിക്കയിലെത്താം. ചിലിയിൽ നിന്നും കപ്പൽ മാർഗ്ഗവും അൻറാർട്ടിക്കയിലെത്തിച്ചേരാം. മെൽബണിൽ നിന്നും വിമാനത്തിൽ യാത്രചെയ്തും അൻറാർട്ടിക്കയുടെ ആകാശ ദൃശ്യങ്ങൾ ആസ്വദിക്കാം. മിക്ക യാത്രാ പാക്കേജുകളും പത്ത് മുതൽ പതിനാല് ദിവസം വരെ നീളുന്നതാണ്. കൊടുംതണുപ്പിനെ പ്രതിരോധിക്കാൻ കുറഞ്ഞത് നാല് ലെയറുകളായുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടത് അത്യാവശ്യമാണ്. യാത്രയിലുടനീളം പെൻഗ്വിനുകളും ഡോൾഫിനുകളുമെല്ലാം മനോഹരമായ കാഴ്ചകൾ സമ്മാനിക്കും. ചുരുക്കം ഓപ്പറേറ്റർമാർക്ക് മാത്രമാണ് അൻറാർട്ടിക്കയിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിന് അനുമതിയുള്ളത്. അതുകൊണ്ട് തന്നെ അൻറാർട്ടിക്കൻ യാത്രക്ക് മാസങ്ങൾക്ക് മുൻപേയുള്ള തയ്യാറെടുപ്പ് അത്യാവശ്യമാണ്.