തെക്കൻ പെർത്തിലെ ബാൾഡിവിസ് സബർബിലെ പാരമൗണ്ട് എസ്റ്റേറ്റിൽ പാർക്കുന്ന നൂറോളം വെസ്റ്റേൺ ഗ്രേ കങ്കാരുക്കളെയാണ് കൂട്ടത്തോടെ കൊന്നൊടുക്കാൻ പദ്ധതിയിടുന്നത്.
ഇവയെ കൊല്ലാനായി ഇവിടം ജനവാസയോഗ്യമായി വികസിപ്പിച്ചെടുക്കാൻ നിയോഗിക്കപ്പെട്ട ഗ്രൂപ്പ് മുൻപോട്ടു വച്ചിരുന്നു. ഇതാണ് ബയോഡൈവേഴ്സിറ്റി വിഭാഗം അംഗീകരിച്ചത്. ഇതോടെ ഈ വര്ഷം അവസാനം ഇവയെ കൊന്നൊടുക്കും.
എന്നാൽ പ്രകൃതിയോട് ചേർന്ന് ജീവിക്കാനായി ഇവിടെ വീടുകൾ വാങ്ങിയ നൂറുകണക്കിന് പ്രദേശവാസികൾ തീരുമാനത്തിനെതിരെ രംഗത്തെത്തി.
വർഷങ്ങളായി ഇവിടെ പാർക്കുന്ന കങ്കാരുക്കളെ കൊന്നൊടുക്കരുതെന്നും മറിച്ച് ഇവയെ മാറ്റിപ്പാർപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചിരിക്കുകയാണ് ഇവർ. ആയിരത്തിൽ പരം ആളുകളാണ് ഇതിൽ ഒപ്പ് വച്ചിരിക്കുന്നത്.
എന്നാൽ ഇവയെ മാറ്റിപാർപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് സിറ്റി ഓഫ് റോക്കിങ്ഹാം ചൂണ്ടിക്കാട്ടി.
നേരത്തെ കങ്കാരുക്കളെ അവിടെ വച്ച് തന്നെ വെടിവച്ചു കൊല്ലാനായിരുന്നു പദ്ധതി. അതിനെ ബയോ ഡൈവേഴ്സിറ്റി വിഭാഗം എതിർത്തിരുന്നു. ഇപ്പോൾ അവയെ മയക്കിയ ശേഷം കൊല്ലാനുള്ള പദ്ധതിക്കാണ് അംഗീകാരം നൽകിയത്.
നേരത്തെ കൃഷിഭൂമിയായിരുന്ന പ്രദേശത്ത് ഇപ്പോൾ കൂടുതൽ പാർപ്പിടസൗകര്യമൊരുകാനാണ് പദ്ധതി. എന്നാൽ ഇവിടെ കങ്കാരുക്കൾ പെരുകുന്നതിനാൽ ഇവയെ 90 ഹെക്ടർ സ്ഥലത്തായി വേലികെട്ടി പാർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.
കഴിഞ്ഞ പത്ത് വർഷമായി വികസനത്തിന്റെ പാതയിലാണ് ബാൾഡിവിസ്. ഇതുമൂലം കൂടുതൽ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇവിടെ പാർക്കുന്ന വന്യമൃഗങ്ങൾ മറ്റ് താവളങ്ങൾ അന്വേഷിച്ച് പ്രദേശം വിട്ടു പോകുകയാണ്.