മെൽബന്റെ തെക്ക്-കിഴക്കൻ പ്രദേശമായ മൊണാഷിലാണ് സാംസ്കാരിക കേന്ദ്രത്തിനു സർക്കാർ പദ്ധതിയിടുന്നത്. ഇതിന്റെ ആവശ്യകതയെക്കുറിച്ച് പഠിക്കാൻ 50,000 ഡോളറിന്റെ ഗ്രാന്റാണ് സർക്കാർ സിറ്റി ഓഫ് മൊണാഷിന് അനുവദിച്ചു നൽകിയിരിക്കുന്നത്.
മൾട്ടികൾച്ചറൽ മന്ത്രി റോബിൻ സ്കോട്ട്, ഓക്‌ലി മെമ്പർ സ്റ്റീവ് ഡിമോപൗലോസ്, പ്രാദേശിക മേയർ റിബേക്ക പാറ്റേഴ്സൺ എന്നിവർ ചേർന്നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
മൂന്ന് മാസത്തിനകം ഈ പഠനം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
ഇത് ഫലപ്രദമായാൽ വിക്ടോറിയയിലെ മൂന്നാമത് ഇന്ത്യൻ സാംസ്കാരിക കേന്ദ്രമാകും മൊണാഷിലേത്.
ഡാൻഡനോങ്ങിലും, മെൽബന്റെ പടിഞ്ഞാറൻ പ്രദേശമായ വിന്ധത്തിലുമാണ് ഇപ്പോൾ ഇന്ത്യൻ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാനുള്ള സ്ഥലത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.
കൂടുതൽ ഇന്ത്യക്കാർക്ക് ഒത്തുചേർന്ന് ആഘോഷങ്ങൾ നടത്തുവാനും, സംസ്കാരവും പൈതൃകവും പങ്കുവയ്ക്കുവാനും ഒരു വേദിയൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്.
മൊണാഷിലും പരിസരപ്രദേശങ്ങളിലും ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചിരിക്കുന്നതായാണ് പ്രാദേശിക ജനസംഖ്യ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതേ തുടർന്നാണ് ഇത്തരത്തിലൊരു സാംസ്‌കാരിക കേന്ദ്രത്തിനായി ആവശ്യം ഉയർന്നതും .