സർക്കാർ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചില്ല എന്ന് ആരോപിച്ച് പ്രധാനമന്ത്രി സ്കോട്ട് മോറിസനെതിരെ ന്യൂ കാസിൽ പബ്ബിൽ ഒരു പെൻഷനർ കടുത്ത പ്രതിഷേധ പ്രകടനം നടത്തിയതായി റിപ്പോർട്ട്.
എന്നാൽ വിദ്വേഷപ്രകടനമായിരുന്നില്ല ഇതെന്നും, വ്യക്തി തന്റെ സങ്കീർണമായ സാഹചര്യം വ്യക്തമാക്കിയതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
റേ (Ray) എന്ന വ്യക്തിയാണ് തന്നെ സമീപിച്ചതെന്ന് പ്രധാനമന്ത്രി പിന്നീട് പറഞ്ഞു. മെഡികെയർ, കുടിയേറ്റം എന്നിവ ഉൾപ്പെടുന്ന പ്രശ്നത്തിൽ അസ്വസ്ഥനായിരുന്ന റേയെ സഹായിക്കാൻ തന്റെ സ്റ്റാഫ് ബന്ധപ്പെട്ടതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ഈ വയോധികൻ പ്രധാനമന്ത്രിയോട് ഉച്ചത്തിൽ സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
"ഞാൻ എന്റെ ജീവിതകാലം മുഴുവൻ ജോലി ചെയ്തു നികുതി അടച്ചു.''
"ഒരു വികലാംഗ പെൻഷൻകാർക്ക് ഒരു വരുമാനവും ഉണ്ടാകില്ല." എന്ന് റേ പറഞ്ഞു.
വിമർശനം ഉയർത്തിയ വ്യക്തിയോട് ശാന്തമായാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രതികരിച്ചത്. തന്റെ സ്റ്റാഫുമായി സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുവേദികളിൽ ജനം രാഷ്ട്രീയ നേതാക്കളോട് സൗമ്യമായി പെരുമാറണമെന്ന് പ്രതിപക്ഷ നേതാവ് ആന്തണി അൽബനീസിയും പറഞ്ഞു. എവിടെയാണെങ്കിലും ആളുകൾ സൗമ്യമായി പെരുമാറണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച പെർത്തിൽ വെസ്റ്റേൺ ഓസ്‌ട്രേലിയ പ്രീമിയർ മാർക്ക് മക്‌ഗോവനുമായി ഒരു വാർത്താസമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ അൽബനീസിയും സമാനമായ അനുഭവം നേരിട്ടിരുന്നു.
ബുധനാഴ്ച എഡ്‌ജ്‌വർത്ത് പബ്ബിൽ തന്നെ ഒരു സ്ത്രീ സെൽഫിയെടുക്കാൻ ക്യാമറയുമായി പ്രധാനമന്ത്രിയെ സമീപിച്ചതിന് ശേഷം മോശമായി പെരുമാറിയതായുള്ള റിപ്പോർട്ടുകളുണ്ട്.
സെൽഫിയെടുക്കുന്നതിന് പകരം "ഞങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം പ്രധാനമന്ത്രിയായതിന് അഭിനന്ദനങ്ങൾ." എന്നായിരുന്നു അവർ പറഞ്ഞത്.
പ്രധാനമന്ത്രി ശാന്തനായി പുറത്തേക്ക് നടക്കുകയാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.