സിഡ്നിയിലെ ഹോക്സ്റ്റൺ പാർക്കിലായിരുന്നു 2014ൽ 39കാരിയായ മോണിക്ക ചെട്ടിയെ ശരീരത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
കാട്ടിനുള്ളിൽ കണ്ടെത്തിയ മോണിക്കയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 28 ദിവസത്തിനു ശേഷം മരിച്ചു.
ആസിഡു വീണുള്ള പൊള്ളലായിരുന്നു ഇതെന്നാണ് പൊലീസ് അറിയിച്ചത്.
നഴ്സായിരുന്ന മോണിക്ക ചെട്ടി, വിവാഹ ബന്ധം തകരുകയും മക്കളുമായി പിരിയുകയും ചെയ്ത ശേഷം വീടു പോലുമില്ലാത്ത അവസ്ഥയിലായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്.
പലയിടത്തും അലഞ്ഞുനടന്ന മോണിക്ക, ഭക്ഷണത്തിനു വേണ്ടിയും പണത്തിനു വേണ്ടിയും മറ്റുള്ളവരോട് യാചിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
എന്നാൽ ആശുപത്രിയിൽ കഴിഞ്ഞ സമയത്തും എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി പൊലീസിനോട് പറയാൻ അവർ തയ്യാറായിരുന്നില്ല.
ആരെയോ ഭയന്നായിരുന്നു അവർ ജീവിച്ചിരുന്നത് എന്ന കാര്യം വ്യക്തമായതായി 2018ൽ ന്യൂ സൗത്ത് വെയിൽ പൊലീസ് വെളിപ്പെടുത്തിയിരുന്നു.
എന്നാൽ സംഭവം നടന്ന ആറു വർഷമായിട്ടും ഇതേക്കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ച് എന്തെങ്കിലും സൂചന നൽകുന്നവർക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്.
കുറ്റവാളിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള സൂചന നൽകുന്നവർക്ക് അഞ്ച് ലക്ഷം ഡോളർ പാരിതോഷികം നൽകുമെന്ന് സംസ്ഥാന പൊലീസ് മന്ത്രി ഡേവിഡ് എലിയറ്റ് പറഞ്ഞു.
എന്താണ് സംഭവിച്ചത് എന്ന കാര്യം ഇനിയും അറിയാൻ കഴിയാത്തത് കടുത്ത നിരാശയുണ്ടാക്കുന്നുവെന്ന് മോണിക്ക ചെട്ടിയുടെ മകൻ ഡാനിയലും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എന്തെങ്കിലും സൂചന കിട്ടാനുള്ള ശ്രമത്തിലാണ് കുടുംബം മുഴുവനുമെന്നും ഡാനിയൽ വ്യക്തമാക്കി.

Liverpool City Police Area Commander, Superintendent Adam Whyte, (left) with Monika Chetty's son, Daniel (centre). Source: SBS
ഇതേക്കുറിച്ച് നേരിയ അറിവെങ്കിലുമുണ്ടെങ്കിൽ മുന്നോട്ടു വരാൻ തയ്യാറാകണമെന്ന് പൊലീസ് മന്ത്രി ആവശ്യപ്പെട്ടു. ഇപ്പോൾ ചെയ്യാവുന്ന ഏറ്റവും ധാർമ്മികമായ കാര്യം അതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Anyone with information that may assist Strike Force Lanlo investigators is urged to contact Crime Stoppers: 1800 333 000 or https://nsw.crimestoppers.com.au.