മെൽബണിലെ വൻട്രിനയിനിൽ 2017ലുണ്ടായ വാഹനാപകടത്തിലാണ് ഫസ്റ്റ് കോൺസ്റ്റബിൾ ഡിയാൻ ഡി ലിയോ കൊല്ലപ്പെട്ടത്.
അപകടം വരുത്തിയ ട്രക്ക് ഡ്രൈവർ സമൻദീപ് സിംഗിന് മെൽബൺ കൗണ്ടി കോടതി നാല് വര്ഷം ശിക്ഷ വിധിച്ചു. രണ്ട് വർഷവും നാല് മാസവും കഴിഞ്ഞു മാത്രമേ ഇയാൾക്ക് പരോളിന് അർഹതയുള്ളൂ.
2017 ജനുവരി 12 നു മോട്ടോർസൈക്കിളിൽ ജോലിക്ക് പോകവെയാണ് ലിയോയെ സമൻദീപ് ഓടിച്ച ട്രക്ക് ഇടിച്ചു വീഴ്ത്തിയത്. വൻട്രീനയിലെ ഈസ്റ്റേൺ ഹൈവെയിൽ വച്ചായിരുന്നു സംഭവം.
ട്രാഫിക് ലൈറ്റിൽ നിർത്തിയ ലിയോയുടെ മോട്ടോർസൈക്കിളിൽ ബ്രേക്ക് തകരാറിലായ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ഇവർ മരണമടയുകയും ചെയ്തു.
ഇറക്കം ഇറങ്ങുന്നതിനിടയിൽ സമൻദീപിന് എട്ട് ടൺ ഭാരമുള്ള ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥയുടെ മോട്ടോർസൈക്കിളിൽ വന്ന് ഇടിക്കുകയായിരുന്നു.
എന്നാൽ ട്രക്കിന്റെ ബ്രേക്ക് തകരാറിലായിരുന്നു എന്ന് പ്രതിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവ ദിവസം 13 ടൺ സോപ്പുമായി ഫാക്ടറിയിൽ നിന്നും ട്രക്ക് ഓടിച്ചു തുടങ്ങുമ്പോൾ തന്നെ ഇതേക്കുറിച്ച് ബോധവാനായിരുന്ന സമൻദീപ്, പ്രവൃത്തി പരിചയം കുറവുള്ളയാളാണെന്നും വിധി പ്രഖ്യാപിക്കവേ ജഡ്ജി മൈക്കൽ ടിനെ വ്യക്തമാക്കി.
ഒറ്റ ദിവസത്തെ പരിശീലനത്തിന് ശേഷം 2016 ലാണ് ഇയാൾ ട്രക്ക് ഓടിച്ചു തുടങ്ങിയതെന്ന കാര്യവും കോടതി നിരീക്ഷിച്ചു .
തികച്ചും ഒഴിവാക്കാമായിരുന്ന അപകടമായിരുന്നു ഇതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ഒരാളുടെ മരണത്തിന് കാരണമായെന്ന കുറ്റമാണ് സമൻദീപിനെതിരെ പൊലീസ് ചുമത്തിയിരുന്നത്. കഴിഞ്ഞ മാർച്ചിൽ കുറ്റംസമ്മതിച്ചിരുന്നതിനാൽ പ്രതിക്ക് വിചാരണ നേരിടേണ്ടി വന്നില്ല.
രാജ്യത്ത് ബ്രിഡ്‌ജിംഗ് വിസയിൽ തങ്ങുന്ന സമൻദീപിനെ ജയിൽ ശിക്ഷക്ക് ശേഷം നാടുകടത്തിയേക്കും.