സിഡ്‌നിയിൽ ട്രെയിനിലും ബസ്സിലും വിവിധ ദിവസങ്ങളിലുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് പൊലീസിന് പരാതി ലഭിച്ചത്. ഇതേതുടർന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുൾപ്പെടെയുള്ള മൂന്ന് പേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവരെ കണ്ടെത്താൻ പൊതുസമൂഹത്തിന്റെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് NSW പൊലീസ്. ഇവരുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
2018 ഓഗസ്റ്റ് 17ന് വൈകിട്ട് ആറ് മണിക്ക് ഓബണിൽ നിന്നും സെയ്ന്റ് ജെയിംസ് സ്റ്റേഷനിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത 19 കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ഒരാളെ പൊലീസ് തിരയുന്നത്.

Source: NSW police force
30 വയസിനടുത്ത് പ്രായം തോന്നിക്കുന്ന 165 സെന്റിമീറ്റർ ഉയരമുള്ള ഇയാൾ ഗ്രേ ജാക്കറ്റും നേവി പാന്റും കടും നീല നിറത്തിലുള്ള ഷൂസുമാണ് ധരിച്ചിരിക്കുന്നതെന്ന് പൊലീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഒരു നേവി ബാക് പാക്കും ഇയാളുടെ കൈവശം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത് .
ഇതിനു പുറമെ 2019 മാർച്ച് മൂന്നിന് നടന്ന മറ്റൊരു സംഭവത്തിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള മറ്റൊരാളെ പൊലീസ് തിരയുന്നുണ്ട്. പാരമാറ്റയിൽ നിന്നും ബക്കാം ഹിൽസിലേക്ക് ബസ്സിൽ യാത്ര ചെയ്ത 18 കാരിയോട് ഇയാൾ അപമര്യാദയായി പെരുമാറിയെന്നാണ് പൊലീസിന്റെ ആരോപണം.
30 വയസ്സിന് താഴെ പ്രായം തോന്നിക്കുന്ന ഇയാൾ കൈനീളം കുറഞ്ഞ ഷർട്ടും നീല നിറത്തിലുള്ള ജീൻസും ഗ്രേ ഷൂസുമാണ് ധരിച്ചിരിക്കുന്നതെന്ന് പോലീസ് പറയുന്നു. ഇയാളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തതായി NSW പൊലീസ് എസ് ബി എസ് മലയാളത്തോട് സ്ഥിരീകരിച്ചു.
കൂടാതെ 2019 മേയിൽ ബ്ലാക്‌ടൗണിൽ നിന്ന് ഗ്ലെൻവുഡിലേക്ക് ബസ്സിൽ യാത്ര ചെയ്ത 14കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് കാഴ്ചയിൽ മിഡ്‌ഡിൽ ഈസ്റ്റിൽ നിന്നുള്ളതെന്ന് തോന്നിക്കുന്ന ഒരാൾക്കായും പൊലീസ് തെരച്ചിൽ ആരംഭിച്ചു.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിനെ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.