NSW സെൻട്രൽ കോസ്റ്റിൽ വ്യാഴാഴ്ച്ച രാവിലെ മോഷ്ടിച്ച കാറുമായി പോയ രണ്ട് പേരെ പൊലീസ് പിന്തുടർന്നിരുന്നു. ഇതിനിടെ ഇവർ പോലീസിന് നേരെ വെടിയുതിർക്കുകയും തുടർന്ന് ഹാമിൽ ടെറസിലെ ഒരു വീട്ടിലേക്ക് എത്തുകയും ചെയ്തു.
ഇവരെ പിന്തുടർന്ന് പൊലീസ് ഇവിടേക്ക് എത്തിയപ്പോഴേക്കും മോഷ്ടിച്ച കാർ കത്തിച്ചിരുന്നു.
തുടർന്ന് പൊലീസ് സംഘം ഈ വീട് വളയുകയും ഇവിടെ നടന്ന വെടിവയ്പ്പിൽ അക്രമികളിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.
ഇയാളുടെ കൈവശം ഇരട്ട ബാരൽ തോക്ക് ഉണ്ടായിരുന്നെന്നും പൊലീസിന് നേരെ വെടിയുതിർക്കാൻ ശ്രമിച്ചപ്പോഴാണ് ഇയാളെ വെടിവച്ചതെന്നും അസിസ്റ്റന്റ് കമ്മീഷണർ മാക്സ് മിച്ചൽ പറഞ്ഞു.
മരിച്ച അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ സംഭവത്തിൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു അക്രമി രക്ഷപ്പെട്ടു. ഇയാളുടെ പക്കൽ ആയുധമുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി. ഇതിനായി പൊലീസ് നായയെയും ഉപയോഗിക്കുന്നുണ്ട്.
ഇതേതുടർന്ന് സമീപത്തുള്ള വാർണർവെയിൽ പബ്ലിക് സ്കൂൾ അടച്ചു.
സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരോട് പുറത്തിറങ്ങരുതെന്നും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. മിനസോട്ട റോഡിനും വേനേർവെയ്‌ൽ റോഡിനും പസിഫിക് ഹൈവേയ്ക്കും ഇടയ്ക്കുള്ള റോഡ് പൊലീസ് അടച്ചു.
സംഭവത്തിൽ ഹോമിസൈഡ് സ്‌ക്വാഡ് അന്വേഷണം നടത്തുമെന്ന് പൊലീസ് വക്താവ് അറിയിച്ചു.