2015 മാർച്ച് ഏഴിനു രാത്രിയായിരുന്നു സിഡ്നിയിലെ പാരമറ്റ പാർക്കിനടുത്തു വച്ച് പ്രഭ അരുൺകുമാർ കൊല്ലപ്പെട്ടത്. ഇന്ത്യയിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കവേ അക്രമി കഴുത്തറുത്താണ് പ്രഭയെ കൊന്നത്.
രണ്ടു വർഷം ഇതേക്കുറിച്ച് അന്വേഷിച്ചിട്ടും തുമ്പൊന്നും കിട്ടാത്ത സാഹചര്യത്തിൽ അന്വേഷണം ഇന്ത്യയിലേക്കു കൂടി വ്യാപിപ്പിക്കുകയായിരുന്നു.
വ്യക്തിപരമായ കാരണങ്ങളാലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് സംശയിക്കുന്നതായും, അതേക്കുറിച്ച് അന്വേഷിക്കാനായി പ്രഭയുടെ ഭർത്താവ് അരുൺകുമാറും ബന്ധുക്കളുമടക്കം 15 പേരെ ബംഗളുരുവിൽ ചോദ്യം ചെയ്യുന്നതായും ദ ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തു.
മുന്പ് അനുസ്മരണ ചടങ്ങുകൾക്കായി സിഡ്നിയിലെത്തിയപ്പോൾ ഭർത്താവിനെയും അടുത്ത ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും, ഇപ്പോൾ കുടുതൽ വിവരങ്ങൾ അന്വേഷിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രഭയുടെ സഹോദരനെയും മറ്റു ബന്ധുക്കളെയും കർണ്ണാടക പൊലീസ് കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു.
ഓസ്ട്രേലിയയിൽ ഇതുവരെ നാലായിരത്തോളം പേരിൽ നിന്ന് പൊലിസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ ഇപ്പോഴും കൊലപാതകിയും കൊലപാതകത്തിൻറെ കാരണവും ദുരൂഹമായി തുടരുകയാണ്.