അന്താരാഷ്ട്ര യാത്രക്കാർ വിമാനയാത്രക്ക് മുൻപ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയാണ് ഓസ്ട്രേലിയൻ സർക്കാർ പിൻവലിച്ചത്. ഓസ്ട്രേലിയൻ യാത്രകൾക്ക് ഏപ്രിൽ 17ന് ശേഷം കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ലെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.
വിമാന യാത്രക്ക് മുൻപ് കൊവിഡ് ബാധിതരല്ലെന്ന് തെളിയിക്കുന്ന റിപ്പോർട്ട് ഇനി മുതൽ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
വാക്സിനേഷൻ, മാസ്ക് നിബന്ധനകൾ തുടരുന്നതിനാൽ കൊവിഡ് പരിശോധന ആവശ്യമില്ലെന്നാണ് മെഡിക്കൽ ഉപദേശമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
തുടരേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൻറെ ഭാഗമാണ് പുതിയ തീരുമാനം
ചീഫ് മെഡിക്കൽ ഓഫീസറുടെ നിർദ്ദേശങ്ങൾക്ക് പുറമെ ക്വാണ്ടാസ്, വിർജിൻ എയർലൈനുകളുടെ മേധാവികളുമായും വിഷയം ചർച്ചചെയ്തെന്ന് ഗ്രെഗ് ഹണ്ട് പറഞ്ഞു.
ബയോസെക്യൂരിറ്റി ആക്‌റ്റിന് കീഴിലുള്ള, കൊവിഡ് പരിശോധന സംബന്ധിച്ച ഉത്തരവുകൾ നീട്ടില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ക്രൂയിസ് കപ്പലുകൾക്കുള്ള നിയന്ത്രണങ്ങൾ ഏപ്രിൽ 17-ന് ശേഷം പിൻവലിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ആദ്യമാണ് ഓസ്ട്രേലിയൻ യാത്രകൾക്ക് പ്രീ-ഡിപ്പാർച്ചർ ടെസ്റ്റുകൾ വേണമെന്ന നിബന്ധന സർക്കാർ ഏർപ്പെടുത്തിയത്. പിന്നീടിത് റാപ്പിഡ് ആൻറിജൻ പരിശോധനയിലേക്ക് മാറ്റിയിരുന്നു.
ഓസ്ട്രേലിയൻ സർക്കാർ അംഗീകരിച്ച വാക്സിൻ രണ്ടു ഡോസെടുക്കുകയും, മാസ്ക് ധരിക്കുകയും വേണമെന്നാണ് പ്രവേശനത്തിനുള്ള മറ്റു വ്യവസ്ഥകൾ.
പല രാജ്യങ്ങളും വിമാനയാത്രകൾക്ക് മുൻപുള്ള കൊവിഡ് പരിശോധനകൾ പിൻവലിച്ച് തുടങ്ങിയിട്ടുണ്ട്.