റോയൽ ഓസ്‌ട്രേലിയൻ ആൻഡ് ന്യൂസീലാന്റ് കോളേജ് ഓഫ് ഒബസ്റ്റട്രിഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്സ് (RANZCOG) ഓസ്‌ട്രേലിയൻ ടെക്‌നികൾ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷനും (ATAGI) ചേർന്നാണ് ഇത് സംബന്ധിച്ച പുതുക്കിയ നിർദ്ദേശം പറത്തുവിട്ടത്.
കൊവിഡ് ബാധിക്കാൻ കൂടുതൽ സാധ്യതയുള്ള ഗർഭിണികൾക്ക് മാത്രമേ വാക്‌സിൻ സ്വീകരിക്കുന്ന കാര്യം പരിഗണിക്കാവൂ എന്നായിരുന്നു ഇതുവരെയുള്ള നിർദ്ദേശം.
ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.
ഗർഭകാലത്തിന്റെ ഏത് ഘട്ടത്തിലും ഗർഭിണികൾക്ക് ഫൈസർ mRNA വാക്‌സിനുകൾ നൽകാമെന്നാണ് പുതിയ നിർദ്ദേശം.
കൊവിഡ് ബാധ മൂലം ഗർഭിണികൾക്കും, ഗർഭസ്ഥശിശുവിനും ഉണ്ടാകാവുന്ന അപകടസാധ്യത കണക്കിലെടുത്താണ് നിർദ്ദേശത്തിൽ മാറ്റം വരുത്തിയതെന്ന് RANZCOG ഉം ATAGIയും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇത് സംബന്ധിച്ച് ആഗോളതലത്തിൽ നിരവധി ഗർഭിണികളിൽ നിന്ന് ശേഖരിച്ച ഡാറ്റ പ്രകാരം mRNA കൊവിഡ് വാക്‌സിനുകൾ സ്വീകരിച്ച ഗർഭിണികൾക്ക് മറ്റ് പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് RANZCOG ഉം ATAGI യും പറഞ്ഞു.
ഇതിന് പുറമെ മുലയൂട്ടുന്ന അമ്മമാർ വാക്‌സിൻ സ്വീകരിക്കുന്നതിനെക്കുറിച്ചും പ്രസ്താവനയിൽ നിർദ്ദേശിക്കുന്നുണ്ട്.
ഇവർക്ക് ഫൈസർ വാക്‌സിൻ സ്വീകരിക്കാമെന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.
ഫൈസർ വാക്‌സിൻ ഗർഭസ്ഥ ശിശുവിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് പുതിയ പഠനത്തിൽ തെളിഞ്ഞതായി RANZCOG ഉം ATAGI യും സ്ഥിരീകരിച്ചു.
മാത്രമല്ല, ഗർഭിണിയാകാൻ തയ്യാറെടുക്കുന്നവരും വാക്‌സിൻ സ്വീകരിക്കാൻ വൈകിക്കേണ്ടതില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.
അതേസമയം വാക്‌സിൻ സ്വീകരിക്കും മുമ്പ് ജി പി യുടെ ഉപദേശം തേടേണ്ടതാണെന്നും ഇതിൽ പറയുന്നു.