കൊവിഡ് ബാധയുടെ രണ്ടാം വ്യാപനം രൂക്ഷമായിരുന്ന വിക്ടോറിയയിൽ രോഗവ്യാപനം ഏറ്റവും കുറഞ്ഞ തോതിലേക്ക് എത്തിയിരുന്നു. സംസ്ഥാനത്ത് ഒരാൾക്ക് മാത്രമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനം വിജയകരമായി വൈറസിനെ ഇല്ലാതാക്കി എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് സംസ്ഥാനത്ത് കൊറോണ ബാധിച്ചയാളിൽ രണ്ടാം തവണയും രോഗം കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്ത് ഇതാദ്യമായാണ് കൊറോണവൈറസ് ബാധിച്ച ഒരാളിൽ തന്നെ വീണ്ടും വൈറസ് ബാധ കണ്ടെത്തുന്നത്. രോഗം ബാധിച്ചയാൾക്ക് വീണ്ടും രോഗം പിടികൂടുന്നത് ആഗോളതലത്തിൽ തന്നെ വിരളമായി മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു.
ഹോംഗ് കോംഗ്, നെതർലാന്റ്സ്, ബെൽജിയം, ഇക്വഡോർ എന്നിവിടങ്ങളിലാണ് രണ്ടാം ബാധ റിപ്പോർട്ട് ചെയ്തിരുന്നത്.
എന്നാൽ ആരോഗ്യ വിദഗ്ധരെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് ഓസ്‌ട്രേലിയയിൽ രണ്ടാം ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജൂലൈയിലാണ് ഇയാൾക്ക് ആദ്യമായി കൊറോണബാധിച്ചത്. എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷം ഒക്ടോബറിൽ ഇയാളിൽ തന്നെ വീണ്ടും രോഗം കണ്ടെത്തിയത് വളരെ വിരളമായി മാത്രം കണ്ടുവരുന്ന ഒന്നാണെന്ന് മെൽബൺ യൂണിവേഴ്‌സിറ്റിയിൽ എപിഡമോളജിസ്റ് ആയ ടോണി ബെക്‌ലി പറഞ്ഞു.
എന്നാൽ ഇത് രോഗം ബാധിച്ചവരിൽ ഒരു കാലയളവ് വരെ വൈറസ് നിലനിൽക്കുന്ന 'ഷെഡ്ഡിംഗ് ഫേസ്' ആണോ എന്നത് സംബന്ധിച്ച് വിക്ടോറിയൻ സർക്കാർ അന്വേഷണം നടത്തിയിരുന്നു. ഷെഡ്ഡിംഗ് ഫേസിൽ രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാറില്ല എന്നാണ് വിദഗ്ധർ വിശ്വസിക്കുന്നത്. എന്നാൽ ഇതിന് മതിയായ തെളിവുകൾ ലഭിച്ചിട്ടില്ല.
അതുകൊണ്ട് തന്നെ ഇതിനെ രണ്ടാം ബാധയായിട്ടാണ് കണക്കാക്കുന്നത്.