പാർലമെന്റിലെ പീഡന വിവാദങ്ങൾ കൊഴുക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചത്.
ലൈംഗികപീഡനാരോപണം നേരിടുന്ന ക്രിസ്ത്യൻ പോട്ടറേയും ലിൻഡ റെയ്‌നോൾഡ്‌സിനെയും മുതിർന്ന മന്ത്രി സ്ഥാനത്തുനിന്നും നീക്കികൊണ്ടാണ് മന്ത്രിസഭ അഴിച്ചുപണിതത്.
ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടനാണ് പ്രതിരോധ വകുപ്പ്. മുൻ വ്യവസായ മന്ത്രി കെവിൻ ആൻഡ്രൂസ് ഇനി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും.
അറ്റോണി ജനറൽ സ്ഥാനത്തും നിന്ന് നീക്കിയ ക്രിസ്ത്യൻ പോട്ടർ വ്യവസായം, ശാസ്ത്രം, സാങ്കേതികം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കും.
പ്രതിരോധ മന്ത്രിയായിരുന്ന ലിൻഡ റെയ്‌നോൾഡ്‌സിന് സർക്കാർ സർവീസുകളും NDIS ഉമാണ് നൽകിയിരിക്കുന്നത്. മന്ത്രി സ്റ്റുവർട്ട് റോബർട്ടിനായിരുന്നു ഈ വകുപ്പുകളുടെ ചുമതല.
വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മിക്കാലിയ കാഷാണ് ഇനി അറ്റോണി ജനറൽ.
കൂടാതെ ഇൻഡസ്ട്രിയൽ റിലേഷൻസ് മന്ത്രി സ്ഥാനവും കാഷിനാണ് നൽകിയിരിക്കുന്നത്.
പുതിയ മന്ത്രിസഭ പ്രഖ്യാപിക്കുന്നതിനൊപ്പം സ്ത്രീസുരക്ഷയും മറ്റും ഉറപ്പു വരുത്താൻ ഒരു പ്രത്യേക സംഘത്തെയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
സ്ത്രീസുരക്ഷ, സ്ത്രീസമത്വം, സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ, ആരോഗ്യം തുടങ്ങിയ കാര്യങ്ങൾക്ക് മുൻഗണന നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സെനറ്റർ മരിസ പെയ്‌നിനാണ് ഇതിന്റെ ചുമതല. പൈനിനൊപ്പം പ്രധാനമന്ത്രിയും, ട്രെഷററും ധനകാര്യമന്ത്രിയുമായ സൈമൺ ബർമിംഗ്ഹാമും ഇതിന്റെ ചുമതല വഹിക്കും.
സൂപ്പറാന്വേഷൻ മന്ത്രി ജെയ്ൻ ഹ്യൂം സ്ത്രീകളുടെ സാമ്പത്തിക സുരക്ഷാ കാര്യങ്ങൾ നോക്കും.