ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഈ ചൊവ്വാഴ്ചയാണ് ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചത്.
ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയക്കാരെ ഉൾപ്പെടെ ആരെയും മേയ് 15 വരെ ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചിരുന്ന രണ്ട് ഓസ്ട്രേലിയൻ താരങ്ങൾ വ്യാഴാഴ്ച രാജ്യത്തേക്ക് തിരിച്ചെത്തി.
ഖത്തർ എയർവേയ്സ് വിമാനത്തിൽ, ദോഹ വഴിയായിരുന്നു ഈ യാത്ര.
കെയ്ൻ റിച്ചാർഡ്സൻ, ആദം സാംപ എന്നിവരാണ് വിലക്ക് നിലവിൽ വന്ന ശേഷവും രാജ്യത്തേക്ക് തിരിച്ചെത്തിയത്. ഇതിനു പുറമേ മറ്റു ചില യാത്രക്കാരും ഇതേ മാർഗ്ഗത്തിലൂടെ ഓസ്ട്രേലിയയിലേക്ക് എത്തിയിട്ടുണ്ട്.
എന്നാൽ സർക്കാർ വിലക്ക് പ്രഖ്യാപിച്ച ശേഷം ഉണ്ടായിരുന്ന ഒരു പഴുതായിരുന്നു ഇതെന്നും, ആ പഴുത് ഇപ്പോൾ അടച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.

Australia has surprisingly left out leg-spinner Adam Zampa for the second T20 against Sri Lanka. (AAP) Source: AAP
ദോഹ, ദുബൈ, സിംഗപ്പൂർ, ക്വാലാലംപൂർ എന്നീ വിമാനത്താവളങ്ങൾ വഴി ട്രാൻസിറ്റ് വിമാനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ളവർ വരുന്നത് നിർത്തലാക്കുമെന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി അറിയിച്ചിരുന്നു.
എന്നാൽ ദോഹ വഴി യാത്ര ചെയ്യാൻ ഖത്തർ എയർവേയ്സ് പിന്നീടും അനുവദിക്കുകയായിരുന്നു.
48 മണിക്കൂറിനുള്ളിലെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് ഇന്ത്യയിൽ നിന്ന് ദോഹ വഴി യാത്ര ചെയ്യാം എന്നായിരുന്നു ഖത്തർ എയർവേയ്സ് വ്യക്തമാക്കിയത്.
എന്നാൽ, ഈ പഴുത് കണ്ടെത്തിയ ശേഷം ഖത്തർ എയർവേയ്സിനെ സർക്കാർ ബന്ധപ്പെട്ടതായി പ്രധാനമന്ത്രി വ്യക്തമാക്കി.
ദോഹ വഴി ട്രാൻസിറ്റ് ചെയ്ത് ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇനി വരാൻ കഴിയില്ല എന്ന് എയർലൈൻസ് ഉറപ്പു നൽകിയതായും പ്രധാനമന്ത്രി പറഞ്ഞു.
ഈ മാറ്റം വരുത്തുന്നതിന് തൊട്ടുമുമ്പാണ് ക്രിക്കറ്റ് താരങ്ങൾ യാത്ര ചെയ്ത വിമാനം ദോഹയിൽ നിന്ന് പുറപ്പെട്ടതെന്നും, അതിനാലാണ് അവർക്ക് തിരിച്ചെത്താൻ കഴിഞ്ഞതെന്നും നയൻ റേഡിയോയോട് അദ്ദേഹം പറഞ്ഞു.
IPL ൽ കളിക്കുന്ന ഓസ്ട്രേലിയൻ താരങ്ങൾ സ്വന്തം തീരുമാനപ്രകാരമാണ് പോയിരിക്കുന്നതെന്നും, അതിനാൽ അവർക്ക് പ്രത്യേക പരിഗണന നൽകില്ലെന്നും പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.