ടാസ്മേനിയയിലെ എലിസബത്ത് ടൗണിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കായി പോകുമ്പോഴാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടത്.
പ്രധാനമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ കാറാണ് അപകടത്തിൽപ്പെട്ടത്. ഇത് മറ്റൊരു കാറുമായി കൂട്ടിയിടിച്ചു എന്നാണ് റിപ്പോർട്ടുകൾ.
ഇതിലുണ്ടായിരുന്ന രണ്ട് ടാസ്മേനിയൻ പൊലീസ് ഉദ്യോഗസ്ഥർക്കും, ഓസ്ട്രേലിയൻ ഫെഡറൽ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്.
പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രധാനമന്ത്രി യാത്ര ചെയ്ത കാറല്ല അപകടത്തിൽപ്പെട്ടതെന്നും, അദ്ദേഹത്തിന് പരുക്കേറ്റിട്ടില്ലെന്നും ഓഫീസ് അറിയിച്ചു.

എന്നാൽ, വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള പ്രചാരണ പരിപാടികൾ സ്കോട്ട് മോറിസൻ റദ്ദാക്കിയിട്ടുണ്ട്.
നാലു പൊലീസുകാരുടെയും നില തൃപ്തികരമാണെന്നും, ഇവരുടെ കുടുംബത്തിന് വിവരങ്ങൾ നൽകുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സുരക്ഷാ വാഹനവുമായി കൂട്ടിയിടിച്ച കാറിന്റെ ഡ്രൈവർക്ക് പരുക്കേറ്റിട്ടില്ല.
തനിക്ക് സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥർക്ക് നന്ദി പറയുന്നതായും, അവർ എത്രയും വേഗം പൂർണ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

