വെസ്റ്റേൺ ഓസ്ട്രേലിയയിലെ ബീക്കൺസ്ഫീൽഡിൽ വീടു വാങ്ങാൻ ശ്രമിച്ച സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്.
തട്ടിപ്പിലൂടെ ഏഴു ലക്ഷത്തിലേറെ ഡോളർ നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ഇവർ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന് പരാതി നൽകിയിട്ടുണ്ട്.
ഈ സ്ത്രീയും റിയൽ എസ്റ്റേറ്റ് ഏജന്റുമായുള്ള ഇമെയിൽ സന്ദേശങ്ങൾ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
വീടു സെറ്റിൽമെന്റിനായി ഒരു അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിലിൽ ഈ സ്ത്രീക്ക് ഇമെയിൽ ലഭിച്ചു.
സെറ്റിൽമെന്റ് ഏജന്റിന്റെ പേരും മറ്റു വിശദാംശങ്ങളും ഉപയോഗിച്ചുകൊണ്ടായിരുന്നു ഈ ഇമെയിൽ. ഒരു ഹോട്ട്മെയിൽ അക്കൗണ്ടിൽ നിന്നായിരുന്നു ഇത്.
എന്നാൽ, ആധികാരിമെന്ന് തോന്നുന്ന തരത്തിലുള്ള രേഖകളൊക്കെ അറ്റാച്ച് ചെയ്തായിരുന്നു ഇമെയിൽ സന്ദേശം.
ഇമെയിലിൽ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടിലേക്ക് അവർ പണം നിക്ഷേപിക്കുകയും ചെയ്തു.
എന്നാൽ വീടു സെറ്റിൽമെന്റിന് മുമ്പുള്ള അവസാന ഇൻസ്പെക്ഷൻ സമയത്ത് സെറ്റിൽമെന്റ് ഏജന്റ് പണം നൽകുന്ന കാര്യം സൂചിപ്പിച്ചപ്പോഴാണ് അവർ തട്ടിപ്പിനിരയായ കാര്യം തിരിച്ചറിഞ്ഞത്.
ഇത്തരം തട്ടിപ്പുകളെക്കുറിച്ച് സെറ്റിൽമെന്റ് ഏജന്റ് മുൻ ഇമെയിൽ സന്ദേശങ്ങളിലെല്ലാം മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്.
തട്ടിയെടുക്കുന്നത് മില്യണുകൾ
പേയ്മെന്റ് റീഡയറക്ഷൻ സ്കാം എന്നാണ് ഇത്തരം തട്ടിപ്പുകൾ അറിയപ്പെടുന്നതെന്ന് സംസ്ഥാന വാണിജ്യ വകുപ്പ് ചൂണ്ടിക്കാട്ടി.
ഈ വർഷം ഇതുവരെ ഒമ്പത് പേരിൽ നിന്നായി പത്തു ലക്ഷം ഡോളറിലേറെ തട്ടിയെടുത്തതായും അധികൃതർ അറിയിച്ചു.
2021ൽ 37 തട്ടിപ്പുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു മില്യണിലേറെ ഡോളറാണ് കഴിഞ്ഞ വർഷവും തട്ടിപ്പുകാർ കൈക്കലാക്കിയത്.
തട്ടിപ്പിനിരയായതിൽ രണ്ടു പേർക്ക് മാത്രമാണ് ഇതുവരെ പണം തിരികെ ലഭിച്ചിട്ടുള്ളത്. 2,87,407 ഡോളർ അത്തരത്തിൽ തിരികെ ലഭിച്ചു.
റിയൽ എസ്റ്റേറ്റ് ഇടപാടുകളെയും, ബിസിനസ് കരാറുകളെയുമാണ് ഇത്തരം തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് WA വാണിജ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
ബാങ്ക് അക്കൗണ്ടുകൾ മാറ്റുവാനോ, പണം നിക്ഷേപിക്കാനോ ആവശ്യപ്പെടുന്ന ഈമെയിലുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഉപഭോക്തൃസംരക്ഷണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ട്രിഷ് ബ്ലേക്ക് നിർദ്ദേശിച്ചു.