2021 മാർച്ചിൽ രാജ്യാന്തര അതിർത്തി അടച്ച ശേഷം ക്വാണ്ടസ് ആദ്യമായാണ് വിക്ടോറിയയിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്.
ഇന്ന് (തിങ്കളാഴ്ച) മുതൽ മെൽബൺ വിമാനത്താവളത്തിൽ നിന്ന് ക്വാണ്ടസ് വിമാനങ്ങൾ രാജ്യാന്തര സർവീസുകൾ ആരംഭിച്ചു.
മെൽബണിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള QF35 വിമാനമാണ് ഇന്ന് യാത്ര തിരിച്ചത്.
ഇന്ത്യയിലേക്കുള്ള വിമാനവും ക്വാണ്ടസ് പ്രഖ്യാപിച്ചിട്ടുണ്ട്.
മെൽബണിൽ നിന്ന് ഡൽഹിയിലേക്ക് ഡിസംബർ 22നാണ് ക്വാണ്ടസ് വിമാന സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആഴ്ചയിൽ നാല് സർവീസുകളാണ് ഉള്ളത്. മെൽബണിൽ നിന്ന് ഡൽഹിയിലേക്ക് അഡ്‌ലൈഡ് വഴിയാകും ആദ്യം സർവീസ്.
എന്നാൽ, ഡൽഹിയിൽ നിന്ന് മെൽബണിലേക്ക് നിർത്താതെയാണ് യാത്ര.
കൂടാതെ, ബ്രിസ്‌ബൈനിൽ നിന്നും, സിഡ്‌നിയിൽ നിന്നും, കാൻബറയിൽ നിന്നും അതേ ദിവസം തന്നെ കണക്ഷൻ സർവീസുകളും ഉണ്ടാകുമെന്ന് ക്വാണ്ടസ് അറിയിച്ചു.
ഇത് വഴി ടൂറിസം, രാജ്യാന്തര വിദ്യാഭ്യാസം, കുടിയേറ്റം എന്നീ മേഖലകളെ ഉത്തേജിപ്പിക്കാൻ കഴിയുമെന്ന് ടൂറിസം മന്ത്രി മാർട്ടിൻ പകുല പ്രതീക്ഷ പ്രകടിപ്പിച്ചു.
വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് വിക്ടോറിയയിൽ ക്വാറന്റൈൻ ആവശ്യമില്ല. രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതോടെ സംസ്ഥാനത്തിന്റെ ഏവിയേഷൻ മേഖലയിൽ 6,700 പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എയർലൈൻസിന്റെ ചരിത്രത്തിൽ ആദ്യമായാണ് വിക്ടോറിയയിൽ നിന്ന് നേരിട്ട് ഡൽഹിയിലേക്ക് വിമാന സർവീസ് നടത്തുന്നത്.
ലണ്ടനിലേക്കും ലോസ് ആഞ്ചലസിലേക്കുമുള്ള സർവീസുകൾ വരുന്ന ആഴ്ചകളിൽ പുനരാരംഭിക്കുമെന്ന് ക്വാണ്ടസ് അറിയിച്ചു.
മെൽബണിൽ നിന്ന് ഡൽഹിയിലേക്ക് സർവീസുകൾ തുടങ്ങുന്നു എന്നത് ഇന്ത്യൻ സമൂഹത്തിനും, ബിസിനസുകൾക്കും, രാജ്യാന്തര വിദ്യാർത്ഥികൾക്കും, സന്ദർശകർക്കും സന്തോഷകരമായ വാർത്തയാണെന്ന് മന്ത്രി പകുല പറഞ്ഞു.
ഇന്ത്യക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് വിക്ടോറിയ. 2016 സെൻസസ് പ്രകാരം 2,09,000 ലേറെ ഇന്ത്യക്കാരാണ് വിക്ടോറിയയിൽ ഉള്ളത്.
മഹാമാരിക്ക് മുൻപ്, വര്ഷം 178,000 സന്ദർശകരാണ് ഇന്ത്യയിൽ നിന്ന് വിക്ടോറിയയിലേക്ക് എത്തിയിരുന്നത്. ഇതുവഴി 500 മില്യൺ ഡോളർ വിക്ടോറിയയുടെ സാമ്പത്തിക മേഖലക്ക് ലഭിച്ചിരുന്നു.
കൊവിഡ് ബാധയെത്തുടർന്ന് അതിർത്തി അടയ്ക്കുന്നതിന് മുൻപ് 31 ലക്ഷത്തിലേറെ രാജ്യാന്തര സന്ദർശകരാണ് ഓരോ വർഷവും വിക്ടോറിയയിലേക്ക് എത്തിയിരുന്നത്. ഇതുവഴി സംസ്ഥാനത്തെ ടൂറിസം മേഖലക്ക് 8.8 ബില്യൺ ഡോളർ ലഭിച്ചിരുന്നു.
സിഡ്‌നിയിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ക്വാണ്ടസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ ആറിനാണ് ആദ്യ സർവീസ്.
വിക്ടോറിയയും ന്യൂ സൗത്ത് വെയിൽസും നവംബർ ഒന്നിന് രാജ്യാന്തര അതിർത്തി തുറന്നിരുന്നു. TGA അംഗീകരിച്ചിരിക്കുന്നു വാക്‌സിൻ സ്വീകരിച്ചവർക്ക് ഇരു സംസ്ഥാനങ്ങളിലും ക്വാറന്റൈൻ ആവശ്യമില്ല.