ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് പടരുന്നത് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓസ്ട്രലിയക്കാർ വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ഫെഡറൽ സർക്കാർ.
ജനങ്ങൾ ഒത്തുചേരുന്നതിലും സർക്കാർ ബുധനാഴ്ച നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിനു പിന്നാലെ ക്വാണ്ടസും ജെറ്റ്സ്റ്റാറും മാർച്ച് അവസാനത്തോടെ രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
മെയ് വരെ 90 ശതമാനം സർവീസുകൾ നിർത്തിവയ്ക്കാനാണ് ക്വാണ്ടസിന്റെ തീരുമാനം. കൂടാതെ 60 ശതമാനം ആഭ്യന്തര സർവീസുകളും ക്വാണ്ടസ് വെട്ടിക്കുറച്ചിട്ടുണ്ട്.
ഇതേതുടർന്ന് മൂന്നിൽ രണ്ട് ജീവനക്കാരെ ജോലിയിൽ നിന്ന് താത്കാലികമായി മാറ്റി നിർത്താൻ തീരുമാനിച്ചിരിക്കുകയാണ് ക്വാണ്ടസ്.
ഈ കാലയളവിൽ ജീവനക്കാർക്ക് വാർഷിക ലീവും ലോംഗ് സർവീസ് ലീവും എടുക്കാൻ അനുവാദം നൽകുമെന്നും ക്വാണ്ടസ് അറിയിച്ചു.
മാത്രമല്ല ജീവനക്കാർക്ക് ലീവ് എടുക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
കൊറോണവൈറസ് രൂക്ഷമായതോടെ ക്വാന്റസിന്റെ 150 വിമാനങ്ങളാണ് സർവീസ് നിർത്തിവച്ചിരിക്കുന്നത്. ഇത് മൂലവും ജീവനക്കാർക്ക് ജോലി ഇല്ലാതായിരിക്കുകയാണെന്ന് ക്വാണ്ടസ് ചീഫ് എക്സിക്യൂട്ടീവ് അലൻ ജോയ്‌സ് വ്യക്തമാക്കി.
ആഭ്യന്തര യാത്രയിൽ നിയന്ത്രണങ്ങൾ
ഓസ്‌ട്രേലിയയുടെ എല്ലാ സംസ്ഥാനങ്ങളിലും വൈറസ് ബാധ കൂടിവരുന്ന സാഹചര്യത്തിൽ രോഗം സംസ്ഥാനത്തേക്ക് പടരുന്നത് തടയാനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ് ടാസ്മേനിയ.
വെള്ളിയാഴ്ച അർധരാത്രി മുതൽ അടിയന്തര സാഹചര്യങ്ങളിലല്ലാതെ സംസ്ഥാനത്തേക്ക് എത്തുന്നവർക്ക് (നോൺ-എസൻഷ്യൽ) 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ആണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
ടാസ്മേനിയയിൽ സ്ഥിരതാമസമാക്കിയവർക്കും ഇത് ബാധകമാകുമെന്ന് ടാസ്മേനിയൻ പ്രീമിയർ പീറ്റർ ഗട്വെയ്ൻ അറിയിച്ചു.
എന്നാൽ അത്യാവശ്യ സാഹചര്യങ്ങളിൽ ടാസ്മേനിയയിലേക്ക് എത്തുന്നവർക്ക് (എസൻഷ്യൽ ട്രാവല്ലേഴ്‌സ്) ക്വാറന്റൈൻ ബാധകമല്ല. അടിയന്തര ആവശ്യങ്ങൾക്കായി സംസ്ഥാനത്തെത്തുന്നവർ, സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലക്ക് സഹായം എത്തിക്കുന്നവർ തുടങ്ങിയവരെയാണ് എസൻഷ്യൽ ട്രാവല്ലേഴ്‌സ് ആയി കണക്കാക്കുന്നത്.
നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷയും സർക്കാർ പ്രാപിച്ചിട്ടുണ്ട്. 16,800 ഡോളർ വരെ പിഴയും ആറ് മാസം വരെ ജയിൽ ശിക്ഷയുമാണ് ലഭിക്കും.
മാത്രമല്ല ക്വറന്റൈൻ ചെയ്യേണ്ടവർ നിയമം പാലിക്കുന്നുണ്ടോ എന്നറിയാനായി ഒരു ജി പി എസ് ട്രാക്കിംഗ് സംവിധാനവും പരിഗണനയിലുണ്ടെന്ന് പ്രീമിയർ അറിയിച്ചു.
സംസ്ഥാനത്തേക്ക് എത്തുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പുറമെ കൊറോണവൈറസ് പടരുന്നത് തടയാനായി സംസ്ഥാനത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ.
ടാസ്മേനിയയിൽ ഇതുവരെ കൊറോണവൈറസ് ബാധിച്ചത് പത്ത് പേർക്കാണ്. ബുധനാഴ്ച മൂന്ന് പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണ് സർക്കാറിന്റെ ഈ നടപടി.
ടാസ്മേനിയയ്ക്ക് പുറമെ വെസ്റ്റേൺ ഓസ്‌ട്രേലിയയും നോർത്തേൺ ടെറിട്ടറിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പദ്ധതിയിടുന്നുണ്ട്.
സംസ്ഥാനത്ത് രോഗം കൂടുതൽ പേരിലേക്ക് പടരുന്ന സാഹചര്യത്തിൽ ആഭ്യന്തര യാത്രകൾ ഒഴിവാക്കാൻ വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നോർത്തേൺ ടെറിട്ടറിയിലേക്ക് രോഗം പടരുന്നത് തടയാനായി ടെറിട്ടറി അതിർത്തി അടയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് നോർത്തേൺ ടെറിട്ടറി ചീഫ് മിനിസ്റ്റർ മൈക്കൽ ഗണ്ണർ അറിയിച്ചു.