2021 ഒക്ടോബർ മാസം വരെ റദ്ദാക്കിയിരുന്ന അമേരിക്കയിലേക്കും ബ്രിട്ടണിലേക്കുമുള്ള സർവീസുകളാണ് ജൂലൈ ഒന്ന് മുതൽ ആരംഭിക്കുമെന്ന് ക്വാണ്ടസ് അറിയിച്ചത്.
ഓസ്‌ട്രേലിയയിലും രാജ്യാന്തര തലത്തിലും വാക്സിൻ പദ്ധതികൾ പുരോഗമിക്കുന്നതുമാണ് പ്രഖ്യാപനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ക്വാണ്ടസ് ചൂണ്ടിക്കാട്ടിയത്.
വാക്സിൻ പദ്ധതികൾക്കായി മെൽബൺ ആസ്ഥാനമായുള്ള പരീക്ഷണത്തിന് ഫെഡറൽ സർക്കാർ 1.6 മില്യൺ ഡോളർ പ്രഖ്യാപിച്ചിരുന്നു.
അതേ സമയം, ഹോംഗ് കോംഗ്, ജപ്പാൻ, സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ മുൻപ് തീരുമാനിച്ചതിലും വൈകിയായിരിക്കും ആരംഭിക്കുക എന്ന് ക്വാണ്ടസ് അറിയിച്ചു.
ഈ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് മാസത്തിൽ വീണ്ടും തുടങ്ങാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ സുരക്ഷിതമായ യാത്രാ ബബിൾ രൂപീകരിച്ചതിന് ശേഷം ജൂലൈ ഒന്നോടെ തുടങ്ങാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാരെ തിരിച്ചെത്തിക്കാനുള്ള സർവീസുകൾ ഉൾപ്പെടെ ഇപ്പോൾ പരിമിതമായ രീതിയിൽ മാത്രമാണ് രാജ്യാന്തര വിമാന സർവീസുകൾ ക്വാണ്ടസ് നടത്തുന്നത്.
വിമാന ജീവനക്കാരിൽ രോഗബാധാ നിരക്ക് കൂടുന്നു
വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന വിമാന സർവീസുകളിലെ ജീവനക്കാരിൽ കൊറോണവൈറസ് സ്ഥിരീകരിക്കുന്നത് കൂടിയിരിക്കുന്നതായി വിക്ടോറിയൻ അധികൃതർ മുന്നറിയിപ്പ് നൽകി.
ഓസ്‌ട്രേലിയയിൽ എത്തുന്ന രാജ്യാന്തര വിമാനങ്ങളിലെ ജീവനക്കാർക്ക് വിക്ടോറിയയിൽ നടപ്പിലാക്കിയിരിക്കുന്നത് പോലെ ക്വാറന്റൈൻ ചെയ്യുന്ന നടപടിയും പരിശോധനയും മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കണമെന്ന് വിക്ടോറിയൻ അധികൃതർ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചകളിലായി എട്ട് വിമാന ജീവനക്കാരിൽ രോഗബാധ സ്ഥിരീകരിച്ചതായി വിക്ടോറിയ പോലീസ് ആൻഡ് എമർജൻസി വിഭാഗം മന്ത്രി ലിസ നെവിൽ പറഞ്ഞു. വിമാന ജീവനക്കാരിൽ പരിശോധന കർശനമാക്കിയത് കൊവിഡ് കേസുകൾ കണ്ടെത്താൻ സഹായിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
ജനിതക മാറ്റം വന്ന UK സ്‌ട്രെയിൻ കൂടുതൽ ആളുകളിൽ
UK യിൽ നിന്നുള്ള പുതിയ കൊറോണവൈറസ് സ്‌ട്രെയിൻ ഓസ്‌ട്രേലിയയിലും ആശങ്ക വിതച്ചിരിക്കുകയാണ്.
പെർത്തിൽ ഹോട്ടൽ ക്വാറന്റൈനിലുള്ള മൂന്ന് പേരിൽ UK സ്‌ട്രെയിൻ സ്ഥിരീകരിച്ചതായി വെസ്റ്റേൺ ഓസ്‌ടേലിയ പ്രീമിയർ മാർക്ക് മക്‌ഗോവൻ പറഞ്ഞു.
അതെ സമയം, വിക്ടോറിയയിൽ ഇതുവരെ അഞ്ച് പേരിൽ പുതിയ UK സ്‌ട്രെയിൻ സ്ഥിരീകരിച്ചതായി ലിസ നെവിൽ പറഞ്ഞു. വിദേശത്ത് നിന്ന് തിരിച്ചെത്തിയവരിലാണ് ഇത്.
പുതിയ സ്‌ട്രെയിൻ കൊറോണവൈറസ് പടരാൻ 70 ശതമാനം കൂടുതൽ സാധ്യതയുള്ളതാണെന്നാണ് റിപ്പോർട്ട്.