വൈറസ്ബാധയുടെ നിരക്ക് പിടിച്ചുനിർത്തുന്നതിൽ മികച്ച പുരോഗതി കൈവരിച്ചതിനു പിന്നാലയൊണ് ക്വീൻസ്ലാന്റ് പ്രീമിയർ അനസ്താഷ്യ പലാഷേ നിയന്ത്രണങ്ങളിൽ ഇളവ് നൽകിത്തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്.
പുതുതായി മൂന്നു കേസുകൾ മാത്രമാണ് ശനിയാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
ആകെ 1030 പേർക്ക് സംസ്ഥാനത്ത് വൈറസ് ബാധിച്ചെങ്കിലും, ഇപ്പോഴും രോഗബാധയുള്ളത് 98 പേർക്ക് മാത്രമാണ്. ബാക്കിയുള്ളവരെല്ലാം രോഗം ഭേദമായിക്കഴിഞ്ഞു.
“സ്റ്റേ ഹോം”, അഥവാ അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് എന്ന നിയന്ത്രണമാണ് ഇളവ് ചെയ്യുന്നത്.
അടുത്ത വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ക്വീൻസ്ലാന്റുകാർക്ക് ഡ്രൈവിനായി പുറത്തിറങ്ങാം. വീട്ടിൽ നിന്ന് 50 കിലോമീറ്റർ വരെയാണ് ഡ്രൈവിനായി പോകാൻ കഴിയുന്നത്.
എന്നാൽ ഒരേ വീട്ടിൽ താസമിക്കുന്നവർ മാത്രമേ ഒരുമിച്ച് പുറത്തുപോകാൻ പാടുള്ളൂ.
65 വയസിനു മേൽ പ്രായമുള്ളവരാണെങ്കിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഡ്രൈവിന് പോകണമെന്നും, ശനിയും ഞായറും കുടുംബങ്ങൾക്കായി മാറ്റിവയ്ക്കണമെന്നും പ്രീമിയർ അഭിപ്രായപ്പെട്ടു.
ഒരേ വീട്ടിലുള്ളവർക്ക് ഒരുമിച്ച് പിക്നിക്കിന് പോകാനും കഴിയും. ഒരേ വീട്ടിലുള്ളവരല്ലെങ്കിൽ രണ്ടു പേർക്ക് മാത്രമേ പുറത്തുവച്ച് ഒരുമിച്ചുകൂടാൻ കഴിയൂ. രണ്ടുപേരിൽ കൂടുതൽ ഒത്തുചേരുന്നതിനുള്ള നിയന്ത്രണം തുടരും.
അവശ്യവസ്തുക്കൾക്കു പുറമേ മറ്റു ഷോപ്പിംഗിനും അനുവാദം നൽകും. വസ്ത്രങ്ങളോ ഷൂസോ ഒക്കെവാങ്ങാനായി അടുത്തയാഴ്ച മുതൽ പുറത്തുപോകാം.
ചില നാഷണൽ പാർക്കുകൾ തുറക്കുമെന്നും പ്രീമിയർ പ്രഖ്യാപിച്ചു. എന്നാൽ ഏതൊക്കെയാണ് ഇവ എന്ന കാര്യം വ്യക്തമല്ല.
കടുത്ത ജാഗ്രതയോടെയാണ് ഈ ഇളവ് നൽകുന്നതെന്നും, വലിയ ആൾക്കുട്ടങ്ങൾ കണ്ടാൽ ഇളവ് പിൻവലിക്കാൻ മടിക്കില്ലെന്നും പ്രീമിയർ വ്യക്തമാക്കിയിട്ടുണ്ട്.
WAയിലും ഇളവ്; എന്നാൽ അതിർത്തി തുറക്കില്ല
സംസ്ഥാനത്ത് പുതുതായി കേസുകൾ ഒന്നും കണ്ടെത്താത്ത ദിവസമാണ് “ജാഗ്രതയോടെ ഇളവുകൾ” പ്രഖ്യാപിക്കുന്നതായി പ്രീമിയർ മാർക്ക് മക്ക്ഗവൻ അറിയിച്ചത്.
549 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്.
തിങ്കളാഴ്ച മുതൽ പൊതുസ്ഥലങ്ങളിൽ പത്തു പേർക്കുവരെ ഒത്തുകൂടാൻ കഴിയും. രണ്ടു പേരായിരുന്നു ഇതുവരെയുള്ളപരിധി.

Premier of Western Australia Mark McGowan. Source: AAP
എന്നാൽ ഇത്തരം ഒത്തുചേരലുകളിലും സാമൂഹികമായ അകലം പാലിക്കൽ തുടരാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് പ്രീമിയർ നിർദ്ദേശിച്ചു.
ഇതോടൊപ്പം പിക്നിക്കുകൾക്കും, ഫിഷിംഗ്, ബോട്ടിംഗ്, ഹൈക്കിംഗ്, ക്യാംപിംഗ് തുടങ്ങിവയ്ക്കും പോകാൻ കഴിയും.
എന്നാൽ ഇതിൽ പങ്കെടുക്കുന്നവർ തമ്മിൽ നേരിട്ട് സമ്പർക്കം ഉണ്ടാകാത്ത രീതിയിലേ ചെയ്യാൻ പാടുള്ളൂ.
സംസ്ഥാനത്തിന്റെ അതിർത്തികൾ അടച്ചിട്ട നടപടി ഇപ്പോൾ പിൻവലിക്കില്ലെന്നും പ്രീമിയർ വ്യക്തമാക്കി.