സിഡ്നി വിമാനത്താവളത്തിലെ വാൻ ഡ്രൈവർക്ക് ബുധനാഴ്ച കൊറോണവൈറസ് സ്ഥിരീകരിച്ചിരുന്നു. ഡിസംബർ മൂന്നിന് ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ പ്രാദേശിക രോഗബാധയാണിത്.
ഇതിന് പിന്നാലെ ന്യൂ സൗത്ത് വെയിൽസിൽ രണ്ട് പേർക്ക് കൂടി ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
നോർത്തേൺ ബീച്ചസിൽ വ്യാഴാഴ്ച മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ അധികൃതർ ആശങ്കയിലാണ്. എന്നാൽ രോഗം ആദ്യം കണ്ടെത്തിയ വാൻ ഡ്രൈവർക്കും നോർത്തേൺ ബീച്ചസിലെ കേസുകൾക്കും തമ്മിൽ ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ.
രോഗം ബാധിച്ചവരിൽ 60 വയസ്സുള്ള ആൾ വിവിധ ആർ എസ് എൽ ക്ലബുകൾ സന്ദർശിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇതോടെ സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളിൽ ആറ് പേർക്കാണ് കോവിഡ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ പുതിയ രോഗബാധ കണ്ടെത്തിയതോടെ നോർത്തേൺ ബീച്ചസിലെ ഏജ്ഡ് കെയറുകൾ അടച്ചു.
പ്രാദേശിക രോഗബാധയുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ന്യൂ സൗത്ത് വെയിൽസിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന ക്വീൻസ്‌ലാന്റുകാർ വെള്ളിയാഴ്ച വരെ കാത്തിരിക്കണമെന്ന് സംസ്ഥാന ആക്‌ടിംഗ് പ്രീമിയർ സ്റ്റീവൻ മിൽസ് അറിയിച്ചു.
സ്ഥിതി കൂടുതൽ വഷളായാൽ കൂടുതൽ രോഗബാധയുള്ള പ്രദേശങ്ങൾ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കുമെന്നും സ്റ്റീവൻ മിൽസ് വ്യക്തമാക്കി.
നിലവിൽ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തുറന്നു തന്നെ കിടക്കുമെങ്കിലും NSWലെ രോഗബാധ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ക്വീൻസ്ലാൻറ് ചീഫ് ഹെൽത്ത് ഓഫീസർ ഡോ ജാനറ്റ് യംഗ് പറഞ്ഞു.
ഡിസംബർ 13 മുതൽ നോർത്തേൺ ബീച്ചസിലുള്ള ക്വീൻസ്ലാൻറ്റ്കാർ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
രോഗവ്യാപനം കൂടി നിന്ന സമയത്ത് ന്യൂ സൗത്ത് വെയിൽസുമായുള്ള അതിർത്തി ക്വീൻസ്ലാൻറ് അടച്ചിരുന്നു. പിന്നീട് ഏറെ തർക്കങ്ങൾക്കൊടുവിലാണ് ക്വീൻസ്ലാൻറ് അതിർത്തി തുറന്നത് .