അതിവേഗം പടര്‍ന്നുപിടിക്കാവുന്ന യു കെ സ്‌ട്രെയ്ന്‍ കൊറോണവൈറസിനെ തടയുന്നത് ലക്ഷ്യമിട്ട് പുതിയ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ പരീക്ഷിക്കാന്‍ ക്വീന്‍സ്ലാന്റ് സര്‍ക്കാര്‍ തീരുമാനിച്ചു.
അടുത്തയാഴ്ച ചേരുന്ന ദേശീയ ക്യാബിനറ്റ് യോഗത്തില്‍ ഇക്കാര്യം ഫെഡറല്‍ സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കുമെന്ന് പ്രീമിയര്‍ അനസ്താഷ്യ പലാഷേ പറഞ്ഞു.
സംസ്ഥാനത്തെ മൈനിംഗ് ക്യാംപുകളെ ക്വാറന്റൈന്‍ സംവിധാനത്തിനായി ഉപയോഗിക്കുക എന്നതാണ് പരിഗണിക്കുന്ന പദ്ധതികളില്‍ പ്രധാനപ്പെട്ടത്.
മൈനുകള്‍ക്ക് സമീപത്തായുള്ള താമസസ്ഥലങ്ങളാണ് മൈനിംഗ് ക്യാംപുകള്‍. ഖനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് താമസിക്കാനുള്ളതാണ് ഇവ.
സംസ്ഥാനത്തെ പല മൈനിംഗ് ക്യാംപുകളും ഫോര്‍ സ്റ്റാര്‍ സൗകര്യങ്ങളുള്ളവയാണെന്ന് പ്രീമിയര്‍ ചൂണ്ടിക്കാട്ടി.
ബാല്‍ക്കണി സൗകര്യമുള്ള താമസസ്ഥലങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ക്വാറന്റൈന്‍ ചെയ്യുന്നവര്‍ക്ക് ശുദ്ധവായു ശ്വസിക്കാന്‍ ഇതിലൂടെ സൗകര്യമൊരുക്കാം.
മറ്റു ജീവനക്കാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കുമെല്ലാം താമസമൊരുക്കാന്‍ ശേഷിയുള്ള ക്യാംപുകളാണ് പരിഗണനയില്‍.
അതായത്, ഈ ക്വാറന്റൈന്‍ സംവിധാനങ്ങളിലുള്ള ജീവനക്കാര്‍ക്കും പൊതു സമൂഹവമുമായി എല്ലാ ദിവസവും സമ്പര്‍ക്കമുണ്ടാകില്ല.
70 ശതമാനം അധിക വ്യാപനശേഷിയുള്ള യു കെ സ്‌ട്രെയ്ന്‍ വൈറസിനെ നേരിടുമ്പോള്‍ ഇത്തരമൊരു സാധ്യത പരിഗണിക്കുന്നത് ഉചിതമാണെന്ന് പ്രീമിയര്‍ അനസ്താഷ്യ പലാഷേ ചൂണ്ടിക്കാട്ടി.
യു കെ സ്‌ട്രെയ്‌നിലുള്ള ആറു കേസുകളാണ് ബ്രിസ്‌ബൈനില്‍ ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.

Queensland Premier Annastacia Palaszczuk is seen during a press conference in Brisbane, Source: AAP
ക്വാറന്റൈന്‍ ഹോട്ടലായ ഗ്രാന്റ് ചാന്‍സലറുമായി ബന്ധപ്പെട്ടാണ് ഈ ആറു കേസുകളും.
മടങ്ങിയെത്തിയ നാലു യാത്രക്കാര്‍ക്കും, ഹോട്ടലിലെ ഒരു ശുചീകരണ ജീവനക്കാരിക്കും അവരുടെ പാര്‍ട്ണര്‍ക്കുമാണ് ഇത്.
ഹോട്ടലിന്റെ ഏഴാം നിലയില്‍ ഈ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന്, ബുധനാഴ്ചയോടെ ഹോട്ടല്‍ പൂര്‍ണമായും അടച്ചു.
ഇവിടെ ക്വാറന്റൈന്‍ ചെയ്തവരെ മറ്റു ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ഹോട്ടലിലെ 220 ജീവനക്കാരെയും, ഇവിടെ മുമ്പ് ക്വാറന്റൈന്‍ ചെയ്തിരുന്ന 147 യാത്രക്കാരെയും പരിശോധന നടത്തുകയും ഐസൊലേഷനിലാക്കുകയും ചെയ്തിട്ടുണ്ട്.
NSWലും മുന്നറിയിപ്പ്
ബ്രിസ്‌ബൈനിലെ യു കെ സ്‌ട്രെയ്ന്‍ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ന്യൂ സൗത്ത് വെയില്‍സിലും മുന്നറിയിപ്പുണ്ട്.
ഗ്രാന്റ് ചാന്‍സലര്‍ ഹോട്ടലില്‍ താമസിച്ചിരുന്ന 10 പേര്‍ പിന്നീട് NSWലേക്ക് യാത്ര ചെയ്തതായാണ് ക്വീന്‍സ്ലാന്റ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
NSW ആരോഗ്യവകുപ്പ് ഇവരെ ബന്ധപ്പെട്ടിട്ടുണ്ട്.
ഡിസംബര്‍ 30നു ശേഷം ഗ്രാന്റ് ചാന്‍സലര്‍ ഹോട്ടലിലുണ്ടായിരുന്ന എല്ലാവരും ഐസൊലേറ്റ് ചെയ്യണം എന്നാണ് നിര്‍ദ്ദേശം.
ന്യൂ സൗത്ത് വെയില്‍ പുതിയ സാമൂഹിക വ്യാപനമൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല.
ജനുവരി ആറിനായിരുന്നു ഇതിന് മുമ്പ് പ്രാദേശിക രോഗവ്യാപനമൊന്നും റിപ്പോര്ട്ട് ചെയ്യാതിരുന്നത്.
എന്നാല്‍, ക്വീന്‍സ്ലാന്റില്‍ സ്ഥിരീകരിച്ചിരിക്കുന്ന യു കെ സ്‌ട്രെയ്ന്‍ ആശങ്ക പടര്‍ത്തുന്നുണ്ടെന്ന് NSW സര്‍ക്കാര്‍ പറഞ്ഞു.