ഓസ്‌ട്രേലിയില്‍ കൊറോണവൈറസ് ബാധ ഏറ്റവും രൂക്ഷമായിരുന്ന മാര്‍ച്ചിലാണ് വിദേശത്തു നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ തുടങ്ങിയത്.
14 ദിവസത്തെ ക്വാറന്റൈന്റെ ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കും എന്നായിരുന്നു തീരുമാനം.
എന്നാല്‍ വൈറസ്ബാധയുടെ സാഹചര്യം മെച്ചപ്പെട്ടതോടെ ഇതില്‍ മാറ്റം വരുത്താനാണ് ക്വീന്‍സ്ലാന്റ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ക്വീന്‍സ്ലാന്റിന്റെ ഈ ആവശ്യം കഴിഞ്ഞയാഴച് ചേര്‍ന്ന ദേശീയ ക്യാബിനറ്റ് യോഗം അംഗീകരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പാര്‍ലമെന്റില്‍ നിയമഭേദഗതി പാസാക്കുകയും ചെയ്തു.
ഒരാള്‍ക്ക് ഒരു ദിവസം 200 ഡോളര്‍ വീതമാകും ഈടാക്കുക.
135 ഡോളര്‍ ഹോട്ടല്‍ ചെലവ് ഉള്‍പ്പെടെയാണ് ഇത്. ഭക്ഷണച്ചെലവാണ് 65 ഡോളര്‍.
അതായതത്, ഒരാള്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന് 2,800 ഡോളറായിരിക്കും ചെലവ്. ഒരേ ഹോട്ടല്‍ മുറിയില്‍ താമസിക്കുന്ന രണ്ടുപേരോ, ദമ്പതികളോ ആണെങ്കില്‍ 3,710 ഡോളറാകും ചെലവ്.
രണ്ട് മുതിര്‍ന്നവരും ഒരു കുട്ടിയുമുള്ള കുടുംബത്തിന് 4,165 ഡോളറും, രണ്ടു കുട്ടികളുള്ള കുടുംബത്തിന് 4,620 ഡോളറും ഫീസ് ഈടാക്കും.
ജൂലൈ ഒന്നു മുതലാകും ഈ മാറ്റം പ്രാബല്യത്തില്‍ വരിക. എന്നാല്‍, എത്തിച്ചേരുന്ന തിയതി ഇതിനകം തന്നെ തീരുമാനിച്ചിട്ടുള്ളവര്‍ക്ക് ഫീസ് നല്‍കേണ്ടി വരില്ല.
ഹോട്ടല്‍, ഭക്ഷണ ചെലവ് യാത്രക്കാര്‍ നല്‍കണമെങ്കിലും, ഹോട്ടലിലെ സുരക്ഷ, ഹോട്ടലിലേക്കുള്ള യാത്ര, മറ്റു ചെലവുകള്‍ എന്നിവ തുടര്‍ന്നും സര്‍ക്കാര്‍ വഹിക്കുമെന്ന് ഡെപ്യൂട്ടി പ്രീമിയറും ആരോഗ്യമന്ത്രിയുമായ സ്റ്റീവന്‍ മൈല്‍സ് പറഞ്ഞു.
സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് ഇളവുണ്ടാകും. എന്നാല്‍ അതെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇതുവരെ ആറായിരത്തോളം പേരുടെ ക്വാറന്റൈന്‍ ചെലവാണ് സര്#ക്കാര്‍ വഹിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 19 മില്യണ്‍ ഡോളര്‍ ഈ ഇനത്തില്‍ ചെലവാക്കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ക്വീന്‍സ്ലാന്റ് ഈ മാറ്റം പ്രഖ്‌യാപിച്ചെങ്കിലും, ഹോട്ടല്‍ ക്വാറന്റൈന്‍ തുടരും എന്നാണ് ന്യൂ സൗത്ത് വെയില്‍സും വിക്ടോറിയയും അറിയിച്ചിരിക്കുന്നത്.