രാജ്യത്ത് കൊറോണ വൈറസ് പ്രതിസന്ധി രൂക്ഷമായതുമുതൽ വിമാനകമ്പനികൾ സർവീസുകൾ നിർത്തിവച്ചിരുന്നു.
2021 ജൂലൈ വരെയെങ്കിലും രാജ്യാന്തര വിമാന സർവീസുകൾ നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ക്വാണ്ടസ് അറിയിച്ചു.
സർവീസുകൾ മുടങ്ങിയതോടെ നാല് ബില്യൺ ഡോളറിന്റെ നഷ്ടമാണ് ക്വാണ്ടസ് നേരിട്ടിരിക്കുന്നതെന്ന് ക്വാണ്ടസ് ചീഫ് എക്സിക്യൂട്ടീവ് അലൻ ജോയ്‌സ് അറിയിച്ചു.
കഴിഞ്ഞ വർഷം 840 മില്യൺ ഡോളർ ലാഭം ലഭിച്ചിരുന്നു.
ഈ വർഷം നേരിട്ട നഷ്ടം 100 വർഷത്തിൽ ആദ്യമായാണെന്ന് അലൻ ജോയ്‌സ് വ്യക്തമാക്കി.
1920ൽ ആരംഭിച്ച ക്വാണ്ടസ് വിമാന സർവീസ് നിരവധി വെല്ലുവിളികൾ തരണം ചെയ്തിട്ടുള്ളതാണ്. രണ്ടാം ലോകമഹായുദ്ധം, 1990 കളിലെ ഏഷ്യയിലെ സാമ്പത്തിക മാന്ദ്യം, 2002-2004 കാലയളവിലെ SARS വൈറസ്, 2007-2009 ലെ ആഗോള സാമ്പത്തിക മാന്ദ്യം ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു പ്രതിസന്ധി ഇതാദ്യമായാണെന്ന് അലൻ ജോയ്‌സ് പറഞ്ഞു.
നിലവിലെ ഈ പ്രതിസന്ധി മൂലം 6,000 പേർക്ക് ജോലി നഷ്ടമാകുമെന്നാണ് കമ്പനി അറിയിച്ചത്.
ഇതിൽ 4,000 ജീവനക്കാരെ സെപ്തംബര് അവസാനത്തോടെ പിരിച്ചുവിടുമെന്നും കമ്പനി അറിയിച്ചു.
നിലവിൽ 20,000 ജീവനക്കാരെയാണ് ക്വാണ്ടസ് ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്നത്. ഇത് തുടരുമെന്നും കമ്പനി വ്യക്തമാക്കി.
കമ്പനിയുടെ ഭൂരിഭാഗം ജീവനക്കാരെയും ജോലിയിൽ നിന്ന് മാറ്റി നിർത്തിയതിനാൽ ജോബ് കീപ്പർ ഇനത്തിൽ അര ബില്യണിലേറെ ഡോളർ ഫെഡറൽ സർക്കാർ ധനസഹായം ക്വാണ്ടസിന് ലഭിച്ചിരുന്നു.
കൊറോണ വൈറസ് രൂക്ഷമായ മാർച്ചിൽ ഓസ്‌ട്രേലിയൻ വിമാന കമ്പനികളായ ക്വാണ്ടസും വിർജിൻ ഓസ്‌ട്രേലിയയും ജീവനക്കാരെ മാറ്റി നിർത്തുമെന്ന് അറിയിച്ചിരുന്നു.
വൈറസ് ബാധ രൂക്ഷമായതോടെ രാജ്യാന്താര സർവീസുകൾ നിർത്തിയിരുന്നു. ഇത് കൂടുതൽ നഷ്ടത്തിന് കാരണമായെന്ന് അലൻ ജോയ്‌സ് പറഞ്ഞു.
കൊറോണ വ്യാപനം കുറഞ്ഞാൽ കമ്പനി നേരിട്ട ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്വാണ്ടസ് അധികൃതർ.