ഒന്നര ആഴ്ചയോളം ടൗണ്‍സ്‌വില്ലിനെ പൂര്‍ണമായും വെള്ളത്തിനടിയിലാക്കിയ പ്രളയത്തില്‍ നിന്ന് നഗരം കര കയറിത്തുടങ്ങുകയാണ്. അതിനിടെയാണ് ബാക്ടീരിയ ബാധ മൂലം ഒരാള്‍ മരിച്ചത്.
മെലിയോയിഡോസിസ് എന്ന ബാക്ടീരിയ ബാധയാണ് മരണകാരണം. മലിനജലത്തിലും മണ്ണിലും കാണുന്ന ഈ ബാക്ടീരിയ, അവിടെ നിന്ന് നേരിട്ട് മനുഷ്യശരീരത്തിലേക്ക് എത്തുകയാണ് പതിവ്.
ഇതോടെ പ്രളയത്തിലുള്ള മരണസംഖ്യ മൂന്നായി. നേരത്തേ രണ്ടു പേര്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചിരുന്നു.
മെലിയോയിഡോസിസ് രോഗം ബാധിച്ച പത്തു പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ടെന്ന് ടൗണ്‍സ്വില്‍ ആശുപത്രി അറിയിച്ചു. ശ്വാസകോശത്തിനോ ശരീരത്തിലെ മുറിവുകളിലോ അണുബാധയുണ്ടായ ഇവര്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Houses inundated with flood waters are seen in Townsville, North Queensland on 5/2/19. Source: AAP
എവിടെയാണ് അണുബാധ ഉണ്ടാകുന്നത് എന്നതനുസരിച്ച് രോഗലക്ഷണങ്ങളില്‍ മാറ്റമുണ്ടാകാമെന്ന് ടൗണ്‍സ്വില്‍ ആശുപത്രിയിലെ ഡോ. ജൂലീ മഡ് പറഞ്ഞു.
ന്യൂമോണിയയോ രക്തത്തിലെ അണുബാധയോ പോലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് ഈ ബാക്ടീരിയ ബാധ എത്താം.
സാധാരണഗതിയില്‍ ആരോഗ്യമുള്ളവരെ ഈ രോഗം ബാധിക്കാറില്ലെന്നും, മറ്റു രോഗങ്ങളുള്ളവര്‍ക്കും പ്രതിരോധ ശേഷി കുറവുള്ളവര്‍ക്കുമാണ് ഇത് മാരകമാകാന്‍ സാധ്യതയെന്നും ഡോ. ജൂലീ മഡ് അറിയിച്ചു.
വീടു വൃത്തിയാക്കുമ്പോള്‍ സൂക്ഷിക്കണം
വെള്ളമിറങ്ങിയ വീടുകളിലേക്ക് തിരിച്ചെത്തിയവര്‍ അവിടെ വൃത്തിയാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
മലിന ജലത്തിലൂടെ നടക്കരുതെന്നും, അഥവാ വെള്ളക്കെട്ടില്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ ശരീരത്തിലെ മുറിവുകള്‍ വൃത്തിയാക്കി ചികിത്സ തേടണമെന്നുമാണ് മുന്നറിയിപ്പ്.
ബൂട്ടുകളും, ഗ്ലൗവും പോലുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അതിനിടെ, വെള്ളപ്പൊക്കത്തില്‍ ചത്തുപൊങ്ങിയ ലക്ഷണക്കണക്കിന് പക്ഷിമൃഗാദികളുടെ ശരീരവും ഭീഷണി ഉയര്‍ത്തുന്നുണ്ട്.
കന്നുകാലികളും മറ്റു വളര്‍ത്തുമൃഗങ്ങളും വന്യമൃഗങ്ങളുമെല്ലാം വെള്ളപ്പൊക്കത്തില്‌പ്പെട്ടിരുന്നു. അഴുകിത്തുടങ്ങിയ ഈ ശരീരങ്ങള്‍ കുടിവെള്ള വിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്.

Thousands of cattle have died during flooding in north Queensland. Source: Jacqueline Curley
അവ എത്രയും വേഗം മറവു ചെയ്യാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.