കൊവിഡ് പ്രതിസന്ധി ദുരിതത്തിലാക്കിയ ക്വീൻസ്ലാന്റിലെ ടൂറിസം മേഖലയെ സഹായിക്കാനായി നാല് മില്യൺ ഡോളറിന്റെ വൗച്ചറുകളാണ് സർക്കാർ നൽകുന്നത്.
ബ്രിസ്‌ബൈൻ, സീനിക് റിം, മോർട്ടൻ ബേ, റെഡ്‌ലാൻഡ്‌സ് കോസ്റ്റ്, സോമർസെറ്റ്, ലോഗൻ, ഇപ്സ്വിച് എന്നീ പ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ടൂറിസ്റ്റ് കേന്ദങ്ങൾ, താമസസൗകര്യങ്ങൾ എന്നിവിടങ്ങളിലാണ് ഈ വൗച്ചർ ഉപയോഗിക്കാവുന്നത്. ഈ ഇടങ്ങളിൽ വൗച്ചർ ഉപയോഗിച്ചാൽ 50 ശതമാനം ഇളവ് ലഭിക്കും.
വൗച്ചർ ലഭിക്കാൻ അർഹരായവരെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ഏപ്രിൽ 27 മുതൽ 72 മണിക്കൂർ ബ്രിസ്‌ബൈൻകാർക്ക് ഈ നറുക്കെടുപ്പിൽ പങ്കെടുക്കാം.
നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് മെയ് ആറിന് ഇമെയിൽ വഴി 100 ഡോളർ വൗച്ചർ ലഭിക്കും.
ഗ്രേറ്റ് ബാരിയർ റീഫിലേക്കും മറ്റിടങ്ങളിലേക്കുമുള്ള യാത്രകൾക്കും ഈ വൗച്ചർ ഉപയോഗിക്കാമെന്ന് പ്രീമിയർ അനസ്തഷ്യ പാലാഷേ പറഞ്ഞു.
സംസ്ഥാനത്തെ ടൂറിസം ഓപ്പറേറ്റർമാരെ പിന്തുണയ്ക്കാനും ഇതുവഴി സാമ്പത്തിക രംഗത്തിന് മില്യൺ കണക്കിന് ഡോളർ ലഭിക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് പ്രീമിയർ പറഞ്ഞു.
കൂടാതെ വിറ്റ്സൺഡെയിലുള്ളവർക്ക് മെയ് നാല് മുതൽ 200 ഡോളറിന്റെ 6,000 വൗച്ചറുകൾ വിതരണം ചെയ്യാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.
ഇത് രണ്ടാം തവണയാണ് ടൂറിസം മേഖലയെ സഹായിക്കാൻ ക്വീൻസ്ലാൻറ് സർക്കാർ വൗച്ചറുകൾ നൽകുന്നത്. സംസ്ഥാനത്തിന്റെ വടക്കൻ പ്രദേശത്തെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാൻ മാർച്ചിൽ 200 ഡോളർ വൗച്ചറുകൾ നൽകിയിരുന്നു.
കെയിൻസ് ഹോളിഡേ ഡോളേഴ്‌സ് പ്രോഗ്രാം എന്ന പദ്ധതി സർക്കാരും ടൂറിസം ട്രോപ്പിക്കൽ നോർത്ത് ക്വീൻസ്ലാന്റും ചേർന്നാണ് നടപ്പാക്കിയത്. 15,000 വൗച്ചറുകളായിരുന്നു ഈ ഘട്ടത്തിൽ സർക്കാർ വിതരണം ചെയ്തത്.