ക്വീന്‍സ്ലാന്റിലെ ലിബറല്‍ നാഷണല്‍ പാര്‍ട്ടി എം പിയും, പ്രതിപക്ഷ പൊലീസ് വക്താവുമായ ട്രെവര്‍ വാട്‌സിനാണ് വീട്ടിനു മുന്നിലെ ഡ്രൈവ് വേയില്‍ പാര്‍ട്ടി നടത്തിയതിന്റെ പേരില്‍ പൊലീസ് പിഴശിക്ഷ നല്‍കിയത്.
ഞായറാഴ്ച വൈകുന്നേരമായിരുന്നു ടൂവൂംബ നോര്‍ത്തിലെ വീടിനു മുന്നില്‍ അദ്ദേഹം സുഹൃത്തുക്കളുമായി ചേര്‍ന്ന് പാര്‍ട്ടി നടത്തിയത്. 15 പേരായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡ്യൂട്ടിയില്‍ അല്ലാതിരുന്ന രണ്ടു പൊലീസുകാരും ഇതില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കും പിഴ നല്‍കിയിട്ടുണ്ട്.
ഇത്തരത്തില്‍ ഒത്തുകൂടിയതിലൂടെ സാമൂഹിക നിയന്ത്രണങ്ങള്‍ ലംഘിച്ചതായി ക്വീന്‍സ്ലാന്റ് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റു 12 പേരെ തെരയുകയാണ് എന്നാണ് പൊലീസ് അറിയിച്ചത്.
പൊലീസ് നടപടിയെത്തുടര്‍ന്ന് പ്രതിപക്ഷ പൊലീസ് വ്ക്താവ് സ്ഥാനം ട്രെവര്‍ വാട്‌സ് രാജിവച്ചു. രാജി സ്വീകരിച്ചതായി പ്രതിപക്ഷ നേതാവ് ഡെബ് ഫ്രെക്ലിംഗ്റ്റന്‍ അറിയിച്ചു.
സംഭവത്തില്‍ ട്രെവര്‍ വാട്‌സ് ജനങ്ങളോട് മാപ്പു പറഞ്ഞിട്ടുമുണ്ട്.
തനിക്ക് തെറ്റുപറ്റിയെന്നും, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പു പറയുന്നതായും അദ്ദേഹം അറിയിച്ചു.
തിങ്കളാഴ്ച വരെ 1400ലേറെ പേര്‍ക്കാണ് സാമൂഹിക നിയന്ത്രണങ്ങല്‍ ലംഘിച്ചതിന്റെ പേരില്‍ ക്വീന്‍സ്ലാന്റ് പൊലീസ് പിഴ നോട്ടീസ് നല്‍കിയിരിക്കുന്നത്.